കന്നിക്കൊയ്ത്തിന്റെ വരവറിയിച്ച് കരിമ്പനപ്പട്ടകളിൽ കിളിക്കൂടുകൾ
വടക്കഞ്ചേരി: നെല്ലറയിലെ നെൽപാടങ്ങൾ കതിരണിഞ്ഞ് മഞ്ഞപ്പട്ടണിയുമ്പോൾ ഒപ്പം കൂടൊരുക്കി കൂട്ടുകൂടാൻ തൂക്കണാംകുരുവി (കുഞ്ഞാറ്റക്കിളികൾ) കളും നിറഞ്ഞുതുടങ്ങി. വയൽവരമ്പുകളിലെ കരിമ്പനകളിലും തെങ്ങുകളിലും കൂടുനിർമാണ തിരക്കുകളിലാണ് ഈ ചെറുപക്ഷികൾ.
നെൽപ്പാടങ്ങൾ കുറഞ്ഞതും കാലഭേദങ്ങളിലെ താളംതെറ്റലുകളും ഈ പക്ഷികളുടെ വരവിന് തടസമായിട്ടില്ല. എങ്കിലും പക്ഷിക്കൂട്ടങ്ങൾ മുമ്പത്തേക്കാൾ കുറഞ്ഞിട്ടുണ്ടെന്നു പാടവരമ്പുകളിലെ കരിമ്പനകളിൽ നൂറുകണക്കിന് കൂടുകളുണ്ടാകാറുള്ള ആയക്കാട്ടെ കർഷകർ പറയുന്നു.
കിളികളുടെ ഹരിതഭൂമികയിൽ പാലക്കാട്ടെ നെല്ലറയ്ക്ക് ഇന്നും സ്ഥാനമുണ്ട്. ശേഷിക്കുന്ന നെൽപാടങ്ങളിലെ ഗ്രാമഭംഗി കൂടിയാണ് പ്രകൃതിയിലെ നെയ്ത്തുകാരായ ഈ പക്ഷിക്കൂട്ടങ്ങൾ.
മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാനാകാത്തവിധം അത്രയും മനോഹരമാണ് ഇവയുടെ കൂടുനിർമാണം. ചെറുപക്ഷികൾ അവയുടെ കുഞ്ഞുകൊക്കുകൾകൊണ്ട് നിർമിക്കുന്ന വിസ്മയങ്ങളാണ് ഓരോ കൂടും.
നേരിയ നാരുകൾകൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് കൂടുണ്ടാക്കുന്നത്. വായുവിൽ ചിറകടിച്ചു നിന്നാണ് കൂടുനിർമാണത്തിന്റെ പ്രാഥമികഘട്ടങ്ങൾ പൂർത്തിയാക്കുക. ഒരു കൂട് നിർമിക്കാൻ ആയിരത്തോളം നാരുകൾ വേണം. അറകളും സൗകര്യങ്ങളുമുള്ള കൂടുനിർമാണം പൂർത്തിയാക്കുന്നത് വലിയ അധ്വാനത്തിലൂടെയാണ്.
കുഞ്ഞുകൊക്കുകൾ കൊണ്ടുതന്നെവേണം ഇതെല്ലാം രൂപപ്പെടുത്താൻ. രണ്ടോ മൂന്നോ മാസത്തെ താമസത്തിനാണ് കുഞ്ഞാറ്റകൾ കൂടുണ്ടാക്കുന്നത്.
നെൽപാടങ്ങളിലെ പുഴുക്കൾ, പ്രാണികൾ, കീടങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇതിനാൽ കുഞ്ഞാറ്റകൾ കർഷകരുടെ മിത്രങ്ങളാണ്. പ്രാദേശിക ദേശാടനപക്ഷികളായ ഇവ കാലാവസ്ഥ, ആഹാരലഭ്യത, ധാന്യങ്ങൾ വിളയുന്ന കാലം എന്നിവ നിരീക്ഷിച്ചാണ് ഓരോ സ്ഥലങ്ങളിലും കൂടൊരുക്കി ചേക്കേറുക. സീസൺ കഴിയുന്നതോടെ പുൽമേടുകളിലേക്കും ചെറിയ പൊന്തക്കാടുകളിലേക്കും ഇവയുടെ ആവാസകേന്ദ്രങ്ങൾ മാറും.