തൃശൂർ: ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തി എംഎൽഎ കെ. രാജനും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും. തുരങ്കത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഇരുപ്രവേശന കവാടത്തിനും മധ്യഭാഗത്താണ് നേരിയ തോതിൽ മണ്ണിടിച്ചിൽ ഉള്ളത്.
എന്നാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് എംഎൽഎയും ജില്ലാ കളക്ടറും അറിയിച്ചു. തുരങ്കത്തിന് മുകളിലെ നീർച്ചാലുകൾക്ക് തടസമുണ്ടോയെന്നും കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടോയെന്നും പരിശോധിക്കുന്നതിനായി തൃശൂർ എൻജിനിയറിംഗ് കോളജിലെ വിദഗ്ധരെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ഉന്നതതല പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ദേശീയപാത അതോറിറ്റി, വനംവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, പീച്ചി പോലീസ്, ഹൈവേ പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.