ലിമ (പെറു): പെറുവിലെ സന്ദർശനത്തിനിടെ വിശ്വാസികൾ എറിഞ്ഞുകൊടുത്ത ജപമാല ബ്രേസ്ലെറ്റ് മുഖത്തുതട്ടി മാർപാപ്പയ്ക്കു നേരിയ പരിക്ക്. തിങ്കളാഴ്ച ലിമയിലെ ലാസ് പാൽമാസ് വ്യോമതാവളത്തിൽ പോപ്പ് മൊബീലിൽ സഞ്ചരിക്കുന്നതിനിടെയാണ് വലതുകണ്ണിനു തൊട്ടുതാഴെ ബ്രേസ്ലെറ്റ് വന്നുപതിച്ചത്.
ഏകദേശം 15 ലക്ഷം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കുശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബ്രേസ്ലെറ്റ് മുഖത്തുതട്ടിയതോടെ മാർപാപ്പ വേദനയോടെ തല താഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വസ്തു കണ്ണിനുള്ളിൽ പതിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രാഥമിക ചികിത്സയുടെ ആവശ്യമില്ലാതെ അദ്ദേഹം യാത്ര തുടരുകയും ചെയ്തു.
ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിലുടനീളം വിശ്വാസികൾ സ്നേഹപൂർവം എറിഞ്ഞുകൊടുക്കുന്ന ജപമാലകളും മറ്റു ഭക്തവസ്തുക്കളും മാർപാപ്പ കൈപ്പിടിയിലൊതുക്കുന്നത് ശ്രദ്ധേയമായിരുന്നു. എന്നാൽ, വലിയ ജനക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് ഇത്തരം വസ്തുക്കൾ വലിച്ചെറിയുന്നത് മാർപാപ്പയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവനു ഭീഷണിയാകാമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
ലാറ്റിനമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 2.28ന് പെറുവിയൻ വ്യോമസേനയുടെ കല്ലാവോ വ്യോമതാവളത്തിൽനിന്ന് റോമിലേക്ക് പുറപ്പെട്ടു. പ്രാദേശികസമയം ഇന്നലെ രാവിലെ 10.25ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തി.
‘സഭ ഒരു കുടുംബമാണെന്ന് പെറുവിലെ ജനങ്ങൾ വീണ്ടും ഓർമിപ്പിച്ചു’. യാത്ര തിരിക്കുന്നതിനുമുമ്പ് പെറുവിലെ ജനങ്ങളോട് ഹൃദയസ്പർശിയായ നന്ദിവാക്കുകളും മാർപാപ്പ പങ്കുവച്ചു. ഒരുമിച്ചു ചെലവഴിച്ച ദിവസങ്ങളിൽ ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ വാക്കുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.
സഭ ഒരു കുടുംബമാണെന്ന് പെറുവിലെ ജനങ്ങൾ വീണ്ടും ഓർമിപ്പിച്ചു. സ്വന്തം വീട്ടിലെന്നപോലെയാണ് അവിടെ അനുഭവപ്പെട്ടതെന്നും ഒരു മെത്രാനായി എങ്ങനെ ജീവിക്കണമെന്നും പത്രോസിന്റെ പിൻഗാമിയായി എങ്ങനെ ശുശ്രൂഷ ചെയ്യണമെന്നും പെറുവിലെ ജനങ്ങളിൽനിന്ന് കൂടുതൽ പഠിക്കാനായെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
വഴിയും സത്യവും ജീവനുമായ ഈശോമിശിഹായോട് ഒരുമിച്ച് പ്രാർഥിക്കുന്നത് തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിന്റെയും സകല വിശുദ്ധരുടെയും മാധ്യസ്ഥ്യം എല്ലാവർക്കും ഉണ്ടാകട്ടെയെന്ന ആശംസയോടെയാണു സന്ദേശം അവസാനിപ്പിച്ചത്.