ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ജോ & മി ഓൺലൈൻ ട്യൂഷനുമായി സഹകരിച്ച് സംഘടിപ്പിച്ച "ലിമ ചിൽഡ്രൻസ് ഫെസ്റ്റ് 2026' വൈവിധ്യമാർന്ന കലാമത്സരങ്ങളോടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സജീവ സാന്നിധ്യത്തോടെയും വൻ വിജയമായി മാറി.
യുകെയിൽ വളരുന്ന മലയാളി കുട്ടികളുടെ സർഗാത്മകതയും ഭാഷാസ്നേഹവും പ്രകടമാക്കുന്ന വേദിയായി ഈ കലാമാമാങ്കം മാറി. ഈ മാസം പത്തിന് രാവിലെ ആരംഭിച്ച മത്സരങ്ങൾ വൈകുന്നേരം വരെ നീണ്ടു നിന്നു.
പ്രാർഥനാഗാനത്തിനു ശേഷം മൂന്ന് കുട്ടികൾ ഭഗവദ്ഗീത, ബൈബിൾ, ഖുറാൻ എന്നീ ഗ്രന്ഥങ്ങളിൽ നിന്നുള്ള വചനങ്ങൾ പാരായണം ചെയ്തുകൊണ്ട് പരിപാടിയുടെ ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ലിവർപൂൾ മാർത്തോമ്മ ചർച്ച് വികാരി റവ. വിപിൻ കുരുവിള മുഖ്യാതിഥിയായി പങ്കെടുത്തു.
കുട്ടികളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രചോദനാത്മകമായ പ്രസംഗം ഏവർക്കും പുതിയൊരു ഊർജ്ജവും ചിന്തയും പകരുന്നതായിരുന്നു. വിസ്റ്റൺ ടൗൺ ഹാളിൽ പ്രത്യേകം സജ്ജീകരിച്ച രണ്ട് വ്യത്യസ്ത വേദികളിൽ നാല് വിഭാഗങ്ങളിലായാണ് (മൂന്ന് മുതൽ 17 വയസ് വരെ) മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.
പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജോ & മി ഓൺലൈൻ ട്യൂഷൻ ആയിരുന്നു കലാമാമാങ്കത്തിന്റെ മുഖ്യ സ്പോൺസർ. ചെറിയ കുട്ടികൾ പങ്കെടുത്ത ഫാൻസി ഡ്രസ് മത്സരങ്ങൾ ഏറെ വേറിട്ട അനുഭവമായി.
ഇംഗ്ലീഷ് റെസിറ്റേഷൻ, മോണോആക്ട് എന്നീ ഇനങ്ങളിൽ കുട്ടികൾ കാഴ്ചവച്ച പ്രകടനം അവരുടെ ഭാവനാശേഷിയുടെ മികവ് വ്യക്തമാക്കുന്നതായിരുന്നു. ഇംഗ്ലണ്ടിൽ ജനിച്ച് വളരുന്ന ഈ തലമുറ തെറ്റുകൂടാതെ മലയാളം കവിതകൾ ചൊല്ലിയതും കഥ പറഞ്ഞതും പ്രസംഗിച്ചതും സദസിനെ അത്ഭുതപ്പെടുത്തി.