ന്യൂഡൽഹി: ഇന്ത്യൻ ഐടി കമ്പനികളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽനിന്നു സസ്പെൻഡ് ചെയ്ത അമേരിക്കൻ നടപടിയെ വിമർശിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ നടപടി സഹായിക്കില്ല.
അമേരിക്കൻ പ്രസിഡന്റ് ജെ.ഡി. വാൻസ് വിദേശ പ്രഫഷണലുകളെ അടിമപ്പണിക്കാരെന്നു വിശേഷിപ്പിച്ചത് തികച്ചും അനാവശ്യവും അങ്ങേയറ്റം അപമാനകരവുമാണെന്ന് ഇന്ത്യ അറിയിച്ചു. വിദേശ പ്രഫഷണലുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണു ട്രംപ് ഭരണകൂടം എട്ടു പ്രമുഖ ഐടി കമ്പനികളെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽനിന്നു സസ്പെൻഡ് ചെയ്തത്. ഇന്ത്യ-യുഎസ് ബന്ധത്തിലെ ഉലച്ചിലിനിടെയാണുപുതിയ തീരുമാനം.
എച്ച്1ബി വീസയിൽ ജോലി ചെയ്യാനെത്തുന്ന വിദേശികളായ ഇന്ത്യൻ ഐടി പ്രഫഷണലുകൾക്ക് സ്ഥിരതാമസാനുമതിയായ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ തടസമാകുന്ന നടപടിയാണിത്. കോഗ്നിസന്റ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ എന്നീ ഇന്ത്യൻ കമ്പനികളെയാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പെർമനന്റ് ലേബർ സർട്ടിഫിക്കേഷനു പുറത്തുള്ള കമ്പനികൾക്ക് അവരുടെ ജീവനക്കാർക്കായി ഗ്രീൻ കാർഡിന് അപേക്ഷിക്കാനാകില്ല. ഇരുരാജ്യങ്ങൾക്കും വലിയ തോതിൽ പരസ്പര നേട്ടമുണ്ടാക്കുന്ന മേഖലയാണ് ഐടി. എല്ലാവരും ഇക്കാര്യം മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് പ്രഖ്യാപിച്ച നടപടികൾ ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.