ലാഹോർ: പാക്കിസ്ഥാൻ നഗരമായ ലാഹോറിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര 79 വർഷത്തിനുശേഷം ആരാധനയ്ക്കായി തുറന്നു. സിക്ക് സമുദായക്കാരായ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-പാക് വിഭജനത്തെത്തുടർന്ന് ഗുരുദ്വാര അടച്ചിട്ടിരിക്കുകയായിരുന്നു. ഗുരു ഹർഗോവിന്ദ് (1595-1644) സാഹിബിന്റെ ലാഹോർ സന്ദർശനവുമായി ബന്ധപ്പെട്ടാണു ഗുരുദ്വാര നിർമിച്ചത്.
പാക് പഞ്ചാബിലെ ന്യൂനപക്ഷ കാര്യ മന്ത്രിയും പാക്കിസ്ഥാൻ സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റുമായ സർദാർ രമേഷ് സിംഗ് അറോറ, ഇവാക്വീ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡ് സെക്രട്ടറി നാസിർ മുഷ്താഖ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പാക്കിസ്ഥാനിലെ അന്പതിലേറെ ഗുരുദ്വാരകളുടെ പുനരുദ്ധാരണം നടന്നുവരികയാണെന്ന് മന്ത്രി അറോറ പറഞ്ഞു.