കോഴിക്കോട്: റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കുന്നതിന് പ്രത്യേക കര്‍മ്മപദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.
റവന്യൂ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍, വകുപ്പിന്റെ 100 ദിന കര്‍മ്മ പരിപാടി, ഡിജിറ്റല്‍ റീസര്‍വേ, വികസന പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി.
നിലവില്‍ സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് 2.5 ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകള്‍ പെന്‍ഡിംഗിലുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 35,000ത്തിലധികം അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്. നൂറ് ദിവസത്തെ കര്‍മ്മപരിപാടിയിലൂടെ കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും പൂര്‍ണമായി തീര്‍പ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ നിശ്ചയിച്ച ക്വാട്ടയേക്കാള്‍ കൂടുതല്‍ പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ സന്നദ്ധത അറിയച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അഞ്ച് സെന്റ് മുതല്‍ 15 സെന്റ് വരെയുള്ള സാധാരണക്കാരുടെ അപേക്ഷകളില്‍ ഉദാരമായ സമീപനം സ്വീകരിക്കും. പ്രത്യേകിച്ച്, വീട് നിര്‍മ്മിക്കുന്നവര്‍ക്ക് ഭൂമി തരംമാറ്റം അത്യന്താപേക്ഷിതമായതിനാല്‍ ഈ വിഭാഗത്തിന് പ്രത്യേക മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
അവലോകന യോഗത്തിന് ശേഷം ജില്ലയിലെ വില്ലേജ് ഓഫീസര്‍മാരുമായി മന്ത്രി ഓണ്‍ലൈനായി ആശയവിനിമയം നടത്തി.
ജില്ലയില്‍ 46 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
കോഴിക്കോട്: ജില്ലയില്‍ 46 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി പൂര്‍ത്തിയായതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല റവന്യൂ അവലോകന യോഗത്തില്‍ അറിയിച്ചു.
72 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. ഭൂമി പതിച്ചുനല്‍കല്‍, പട്ടയ വിതരണം, ഡിജിറ്റല്‍ സര്‍വേ, മിച്ചഭൂമി, വിവിധ വകുപ്പുകളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി.
ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ 64.56 ശതമാനം പൂര്‍ത്തിയായി. ഡിജിറ്റല്‍ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കി തീരദേശ മേഖലകളിലെയും പുഴ പുറമ്പോക്കിലെയും പട്ടയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു.