തലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ആദ്യ ആറുമാസത്തിനിടെ പന്ത്രണ്ടായിരത്തോളം പട്ടയം വിതരണം ചെയ്തതായി റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി തവിഞ്ഞാലില്‍ നിര്‍മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടരലക്ഷത്തോളം അപേക്ഷകളില്‍ 52,000 എണ്ണം തീര്‍പ്പാക്കി. തവിഞ്ഞാല്‍ പ്രദേശത്ത് ഭൂമിയുടെ ഫെയര്‍വാല്യു അമിതമായി വര്‍ധിച്ചതിനാല്‍ ഭൂമി വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പ്രയാസം നേരിടുന്നതായി ജനപ്രതിനിധികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അര്‍ഹരായവര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടികള്‍ വേഗത്തിലാക്കും. ഭൂമി സംബന്ധമായ സേവനങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കും. സമയബന്ധിതമായും സുതാര്യമായും സേവനങ്ങള്‍ ലഭ്യമാക്കുക സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
ഉഷ വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്, പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാ പഞ്ചായത്ത് ഡിവിഷന് അംഗം ലിസി ജോസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജോസഫ് മറ്റത്തിലാനി, എല്‍സി ജോയി, വി.കെ. ശശികുമാര്‍, വാര്‍ഡ് അംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്എഎസ്സിഐ ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.