നെടുമങ്ങാട്: വഴയില - പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണം നടക്കുന്ന പ്രദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വോയ്സ് ഓഫ് കരകുളം ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധ സംഗമം തോമസ് ദേവസ്യ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.എ. തോമസ്, അജിദാസ്, രാജേന്ദ്രൻ നായർ, പി. ബഷറുദീൻ, മുരളീധരൻ നായർ, ഷാഹിൻ, പ്രതാപ ചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
നാലുവരിപ്പാതയുടെ നിർമാണം വേഗം പൂർത്തീകരിക്കുക, തകർന്നു കിടക്കുന്ന സമാന്തര റോഡുകൾ നവീകരിച്ച് യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നിർമാണം നടക്കുന്ന സ്ഥലത്ത് റോഡിനിരുവശവത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നതിനു വഴി സൗകര്യം ഒരുക്കുക, പ്രദേശത്ത് പൂർണമായോ ഭാഗികമായോ അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി ഇളവുകൾ അനുവദിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.