റിയാദ്: മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയും ഭാഷാദിനവും വിപുലമായി ആഘോഷിച്ചു. മലയാളഭാഷയുടെ സമ്പന്ന പൈതൃകത്തേയും കേരളത്തിന്റെ പിറവിയുടെ മഹത്വത്തേയും അനുസ്മരിപ്പിച്ചുകൊണ്ട് നടന്ന ഈ പരിപാടിയിൽ മലയാളം മിഷൻ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും മലയാളപ്രേമികളും പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി മലയാളം മിഷൻ പഠിതാക്കളായ കുട്ടികൾക്ക് എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷൻ അധ്യാപിക ലക്ഷ്മി സുനിൽ ചൊല്ലിക്കൊടുത്തു. മേഖല കോഓർഡിനേറ്റർ വി.കെ. ഷഹീബ് ആമുഖപ്രഭാഷണം നടത്തി.
മലയാളം മിഷന്റെ പ്രവർത്തനരീതികളെയും വിദേശത്ത് മലയാളപഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെയും അവർ വിശദീകരിച്ചു. മാതൃഭാഷയുടെ സംരക്ഷണവും പ്രചരണവും മലയാളി സമൂഹത്തിന്റെ കടമയാണെന്നും ഭാഷയുടെ ആത്മാവാണ് ഒരു ജനതയുടെ വ്യക്തിത്വമെന്നും അവർ ഓർമിപ്പിച്ചു.