കൊച്ചി: ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന് ഇടംനല്കുന്ന അപൂര്‍വ കാഴ്ചയായി വൈദികന്‍റെ വീട്ടിലെ അന്ത്യകര്‍മം.
25 വര്‍ഷം വീട്ടുജോലിക്കാരിയായി കുടുംബത്തിനൊപ്പം നിന്ന പാര്‍വതി അമ്മയ്ക്ക്, ജീവിതാന്ത്യത്തില്‍ താന്‍ സേവിച്ച വീട്ടില്‍ തന്നെ ഹൈന്ദവാചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ ഒരുക്കിയത് ഓര്‍ത്തഡോക്‌സ് സഭാവൈദികന്‍ അമ്പാടിമല ഓണശേരില്‍ ഫാ. ഒ.ജെ. ജേക്കബ്. വിശ്വാസങ്ങളുടെ വേര്‍തിരിവുകള്‍ക്കപ്പുറം മനുഷ്യബന്ധത്തിന്‍റെ ആഴം വിളിച്ചോതുന്നതായി മാറി ഈ അന്ത്യയാത്ര. 23നായിരുന്നു 88-ാം വയസില്‍ പാര്‍വതി അമ്മ മരിച്ചത്.
ഇരുമ്പനം സ്വദേശിനിയായ പായമ്മ എന്ന പാര്‍വതി അമ്മയുടെ ഒന്‍പതാം വയസില്‍ മാതാപിതാക്കള്‍ മരിച്ചു. മറ്റു ബന്ധുക്കളുമൊന്നുമില്ലാത്ത പാര്‍വതി അമ്മ പിന്നീട് എറണാകുളത്തെ ഒരു ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തു. ഡോക്ടര്‍ മരിച്ചതോടെ അവരുടെ ജോലി നഷ്ടമായി.
2000ല്‍ വൈദികന്‍റെ ഭാര്യ മരിച്ചതോടെ ആറു വയസുകാരിയായ മകള്‍ മെറിനെ നോക്കാനായാണ് പാര്‍വതി ജേക്കബ് അച്ചന്‍റെ വീട്ടിലെത്തുന്നത്. പിന്നീട് അവര്‍ കുടുംബാംഗമായി മാറുകയായിരുന്നു. അച്ചന്‍റെ ബന്ധുക്കളും പാര്‍വതി അമ്മയെ സ്വന്തമായിട്ടാണ് കണ്ടിരുന്നത്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പാര്‍വതി അമ്മയെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ചോറ്റാനിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അച്ചനും രണ്ടു പെണ്‍മക്കളുമായിരുന്നു ആശുപത്രിയില്‍ അവരെ ശുശ്രൂഷിച്ചത്.
ഞായറാഴ്ച രാത്രിയില്‍ മരിച്ച പാര്‍വതി അമ്മയുടെ മൃതദേഹം അച്ചന്‍ അപ്പോള്‍ തന്നെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. അയല്‍വാസികളും അച്ചന്‍റെ ബന്ധുക്കളുമെല്ലാം മൃതദേഹം കാണാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയക്ക് അച്ചന്‍റെ അമ്പാടിമലയിലെ വീട്ടില്‍ ഹൈന്ദവ പുരോഹിതനെത്തി കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കാരം നടത്തി. കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് കോളജിലെ റിട്ടയേഡ് അധ്യാപകനാണ് അച്ചന്‍.