കോട്ടയം: റബര്‍ വില കുതിപ്പ് തുടരുന്നു. ഇന്നലെ ആര്‍എസ്എസ് നാലിന് 283 രൂപയ്ക്കുവരെ വ്യാപാരം നടന്നു.
ലാറ്റക്സ് കിലോയ്ക്ക് 255 രൂപയ്ക്കാണു കച്ചവടം അവസാനിച്ചത്. കുറഞ്ഞദിവസത്തിനുള്ളില്‍ വില മുന്നൂറ് കടക്കുമെന്നാണു വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഷീറ്റ് റബറിനും ലാറ്റക്സിനും റിക്കാര്‍ഡ് വിലയ്ക്കാണു വ്യാപാരം നടക്കുന്നത്.
റബര്‍ ബോര്‍ഡ് വിലയില്‍നിന്നു മൂന്നു രൂപ കൂട്ടിയാണ് ഇന്നലെ വ്യാപാരികള്‍ ചരക്കെടുത്തത്. ആര്‍എസ്എസ് നാലിനു 310 രൂപ വരെ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രധാന റബര്‍ ഉത്പാദക രാജ്യമായ തായ്ലന്ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ ഉത്പാദനക്കുറവ് അന്താരാഷ്ട്ര വില ഉയരുന്നതിനു കാരണമായി.
ഒട്ടുപാല് വിലയും കുതിക്കുകയാണ്. 166 രൂപയ്ക്കുവരെ വ്യാപാരികള്‍ കര്‍ഷകരില്‍നിന്ന് ഒട്ടുപാല് വാങ്ങുന്നുണ്ട്, 180 രൂപയ്ക്കു വരെയാണ് വ്യാപാരികള്‍ വില്‍ക്കുന്നത്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനം ഉത്പാദനത്തെ ഗണ്യമായി ബാധിച്ചതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ടാപ്പിംഗ് പുനരാരംഭിച്ച തോട്ടങ്ങളിലും ഉത്പാദനം കുറവാണ്.
തുടര്‍ച്ചയായ മഴയായതിനാല്‍ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളുടെ എണ്ണവും കര്‍ഷകരുടെ എണ്ണവും കുറവാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് ആരംഭിക്കുമെന്നാണു കര്‍ഷകസംഘടനകള്‍ പറയുന്നത്.
കഴിഞ്ഞമാസം 17നാണ് ആര്‍എസ്എസ് നാലിനു വില കിലോഗ്രാമിന് 276 രൂപയില്‍ എത്തിയത്. 30ന് 268 രൂപയിലേക്ക് ഇടിഞ്ഞ വില വീണ്ടും ഉയരുകയായിരുന്നു. ആര്‍എസ്എസ് നാലിന് 280 രൂപയും അഞ്ചിന് 276 രൂപയുമാണ് റബര്‍ ബോര്‍ഡ് ഇന്നലെ നല്കിയ വില.