ന്യൂഡല്‍ഹി: ജമ്മുകാഷ്മീരിലെ കുല്‍ഗാമില്‍ രണ്ട് അതിഥിത്തൊഴിലാളികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ ലത്തിഫ് ഭട്ടും കൂട്ടാളികളുമാണെന്ന് സംശയം. ആക്രമണത്തിനുള്ള സഹായങ്ങൾ നൽകിയതു ലത്തിഫ് ഭട്ടിന്റെ അനുയായി വാരിസ് ഷാ ആണെന്നാണ് സുരക്ഷാഏജന്‍സികൾ പറയുന്നത്.
വെള്ളിയാഴ്ച രാത്രി കുല്‍ഗാമിലെ ഒരു ഇഷ്ടികക്കളത്തിൽ നടന്ന ആക്രമണത്തിലാണ് ഛത്തീസ്ഗഡിലെ ബുന്ദേലി ഗ്രാമവാസിയായ ദീപക് രത്രേ കൊല്ലപ്പെട്ടത്. പരിക്കുകളോടെ ചികിത്സയിലായിരുന്ന ഭൂപേന്ദ്ര ഭൈന ഇന്നലെ മരണത്തിനു കീഴടങ്ങി.
അതിനിടെ, സംഭവത്തിൽ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം ആക്രമണങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ബാരാമുള്ളയിൽ പറഞ്ഞു.
കൊലയാളികള്‍ ആരാണെന്ന് കണ്ടെത്താന്‍ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാബിനറ്റ് മന്ത്രി ജാവേദ് റാണ, ഉപമുഖ്യമന്ത്രി സുരീന്ദര്‍ കുമാര്‍ ചൗധരി എന്നിവരും സമാനമായ സംശയം ഉയർത്തിയിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലഫ്. ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരരെ പിടികൂടാനായി അതിശക്തമായ നടപടികൾ തുടരാൻ സുരക്ഷാസേനകൾക്കു നിർദേശം നൽകുകയും ചെയ്തു.
ചീഫ് സെക്രട്ടറി അതൽ ദുല്ലോ, ഡിജിപി നളിൻ പ്രഭാത്, ആഭ്യന്തരവകുപ്പ് സെക്രട്ടറി ചന്ദ്രശേഖർ ഭാരതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.