പൂർണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിന്റെ ചലച്ചിതാ വിഷ്ക്കാരമായ ലെമൺ മർഡർ കേസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.
ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളുമുണ്ട്.
ജെ.പി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി ജെ. പാലയൂരും, അനിൽ പല്ലശനയും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
പോലീസ് ഡിപ്പാർട്ട്മെന്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തന്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു.
അദ്ദേഹത്തെത്തേടിയുള്ള ലിയോണിന്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ഈ നാരങ്ങ മറ്റൊരു വലിയ കേസിന്റെ തുമ്പായി മാറുകയായിരുന്നു.
പുതുമുഖം ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ലിയോണയെ അവതരിപ്പിക്കുന്നത്. ജിഷ രജിത്താണ് നായിക. അപർണ, കെ. ബാബു എം.എൽ.എ. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം - മനോജ് എം.ജെ. എഡിറ്റിംഗ് -ജിസൺ എ.സി.എ. സംഗീതം -സജിത് ശങ്കർ. പശ്ചാത്തല സംഗീതം - രഞ്ജിത്ത് ഉണ്ണി. കൊല്ലങ്കോട്, ചിറ്റൂർ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരി മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.