കൊച്ചി: കേരളത്തിൽ ഏറ്റവുമധികം ബാറുകളുള്ളത് എറണാകുളം ജില്ലയിൽ. 2026 മാർച്ച് 31ലെ കണക്കുകളനുസരിച്ച് ജില്ലയിൽ 212 ബാറുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ വ്യക്തമാക്കുന്നു.
2016 മാർച്ച് 31ന് 11 ബാറുകളുണ്ടായിരുന്നിടത്താണ് പത്തു വർഷംകൊണ്ട് വലിയ വർധനവുണ്ടായത്. 2021ൽ ജില്ലയിലെ ബാറുകളുടെ എണ്ണം 164 ആയിരുന്നു.
തൃശൂർ ജില്ലയാണ് ബാറുകളുടെ എണ്ണത്തിൽ രണ്ടാമതുള്ളത്. 116 ബാറുകൾ ജില്ലയിൽ നിലവിലുണ്ട്. 2016ൽ ഒരു ബാറിനു മാത്രമായിരുന്നു തൃശൂരിൽ അനുമതിയുണ്ടായിരുന്നത്. തിരുവനന്തപുരം (98), കോട്ടയം (88), കൊല്ലം (75), ആലപ്പുഴ, പാലക്കാട് (58) ജില്ലകളാണ് ബാറുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്.
പത്തു വർഷത്തിനിടെ സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടായെന്നും എക്സൈസ് കമ്മീഷണറുടെ കാര്യാലയം വിവരാവകാശ നിയമപ്രകാരം നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു.
2016 മാർച്ച് 31ന് കേരളത്തിൽ ആകെയുണ്ടായിരുന്നത് 29 ബാറുകളെങ്കിൽ ഈ വർഷം ഇതേ തീയതിയിൽ എണ്ണം 905ലെത്തിയെന്ന് എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽനിന്നുള്ള രേഖകൾ പറയുന്നു. കാക്കനാട് സ്വദേശി രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
2016ൽ ബാറുകൾക്ക് ലൈസൻസ് ഫീസ് 22 ലക്ഷമായിരുന്നു. പിന്നീട് ഫീസ് 35 ലക്ഷമായി ഉയർന്നെങ്കിലും ബാറുകളുടെ എണ്ണത്തിൽ വർധനവാണുണ്ടായത്.