തിരുവനന്തപുരം: രാജ്യത്ത് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്ത വലിയൊരു വിഭാഗം ജനങ്ങളിലേക്കു സേവനം എത്തിക്കുന്നതിനായി ലൈഫ് ഇൻഷ്വറൻസ് ഏജന്റുമാർ കൂടുതൽ സജീവമായി പ്രവർത്തിക്കണമെന്നും നിലവിലെ വിൽപനയിൽനിന്ന് 25 ശതമാനമെങ്കിലും വർധന കൈവരിക്കാൻ ശ്രമിക്കണമെന്നും എൽഐസി ചെയർമാനും സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ആർ. ദുരൈസ്വാമി പറഞ്ഞു.
തിരുവനന്തപുരത്തെ ഹയാത്ത് ഹോട്ടലിൽ നടന്ന ലൈഫ് അണ്ടർറൈറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ (ലൂഗി) 23-ാമത് വാർഷിക സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1999 മുതൽ ഇൻഷ്വറൻസ് മേഖലയിലെ പ്രവർത്തകർക്ക് മികച്ച പരിശീലനവും പ്രഫഷണൽ മികവും ഉറപ്പാക്കുന്നതിൽ ലൂഗി നിർണായക പങ്കാണ് വഹിക്കുന്നതെന്നും ദുരൈസ്വാമി പറഞ്ഞു. എൽഐസിയുടെ യഥാർഥ മുഖം ഏജന്റുമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ എൽഐസി ദക്ഷിണമേഖലാ മേധാവി ആർ. മുരളീധർ, തിരുവനന്തപുരം സീനിയർ ഡിവിഷണൽ മാനേജർ അജീഷ്, ലൂഗി പ്രസിഡന്റ് ഗുരുമൂർത്തി, കൺവെൻഷൻ കമ്മിറ്റി ചെയർമാൻ വിൻസെന്റ് പ്രതാപ് എന്നിവർ പ്രസംഗിച്ചു.