തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന പിഎസ്സിയെ ആരോപണങ്ങളുടെ മുള്‍മുനയിലേക്ക് എത്തിക്കുകയും പിഎസ്സി ചെയര്‍മാനെ പുറത്താക്കണമെന്നു ഗവര്‍ണര്‍ തന്നെ നിര്‍ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായതിന്റെ അടിസ്ഥാനം ആസൂത്രണ ബോര്‍ഡിലെ മൂന്നു ചീഫ് തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ മൂല്യ നിര്‍ണയമായിരുന്നു.
ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയില്‍ 58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഇടതു നേതാവിന് ഒന്നാം റാങ്ക് നല്കിയ പട്ടിക ഒടുവില്‍ പിഎസ്സിക്കു തന്നെ തിരുത്തേണ്ട സാഹചര്യമുണ്ടായി.പ്രത്യക്ഷമായ അഴിമതിയെന്ന് ഹൈക്കോടതിആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ പിന്തള്ളപ്പെട്ട ശ്യാം കൃഷ്ണന് എന്ന ഉദ്യോഗാര്‍ഥി നടത്തിയ വിവരാവകാശ പോരാമാണ് പിഎസ്സിയെ കുടുക്കിയത്.
വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകര്‍പ്പെടുത്തപ്പോള്‍ പരീക്ഷയുടെ ആദ്യ പേപ്പറില്‍ ഒന്‍പതു മുതല്‍ 18 വരെയുള്ള 10 ചോദ്യങ്ങളുടെ 58 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെയാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെന്നു മനസിലായി. ഈ ക്രമക്കേടില്‍ പിഎസ്സി നടത്തിയത് പ്രത്യക്ഷമായ അഴിമതിയാണെന്നു പിന്നീട് കേരള ഹൈക്കോടതിയും നിരീക്ഷിച്ചു. പിഎസ്സി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരീക്ഷാ മൂല്യനിര്‍ണയ അട്ടിമറികളിലൊന്നായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ആസൂത്രണ ബോര്‍ഡിലെ ഉയര്‍ന്ന തസ്തികയായ ചീഫ് നിയമനത്തിന് 2022 ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറി തലത്തില്‍ ഉയര്‍ന്ന നിലയിലുള്ള തസ്തികയായിരുന്നു ഇത്. 1,23,700-1,66,800 ആണ് ശമ്പള സ്കെയില്‍. 2023 ജൂലൈയില്‍ പരീക്ഷ നടത്തി. വിവരണാത്മക രീതിയില്‍ രണ്ടു പേപ്പറായിരുന്നു പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്.
2025 ഫെബ്രുവരിയില്‍ ചുരുക്കപ്പട്ടികയും മേയില്‍ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. ഒരു ഒഴിവുണ്ടായിരുന്ന തസ്തികയിലേക്ക് ജൂണ്‍ 23ന് ഒന്നാം റാങ്കുകാരന് നിയമന ശിപാര്‍ശയും അയച്ചു. മൂല്യനിര്‍ണയത്തില്‍ പരാതിയുണ്ടായിരുന്ന ഉദ്യോഗാര്‍ഥികള്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പിന് 2025 ജൂണില്‍ അപേക്ഷ നല്‍കിയെങ്കിലും ഒരു വര്‍ഷത്തിനു ശേഷമാണ് പിഎസ്സി അതു നല്‍കിയത്.
ഒന്നാം റാങ്ക് നല്കിയ ആള്‍ക്കുവേണ്ടി ബോധപൂര്‍വം നടത്തിയ അട്ടിമറിയാണിതെന്ന് ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരുന്നു.സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്.
ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പിഎസ്സിയുടെ ആവശ്യം ഹൈക്കോടതി തള്ളി.പിന്നീട് പിഎസ്സി ആസ്ഥാനത്ത് ഉള്‍പ്പടെ പരിശോധന നടത്തിയ അന്വേഷണസംഘം മൂല്യനിര്‍ണയത്തിലെ പിഴവ് കണ്ടെത്തി. പ്രതിയായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പിഎസ്സി ചെയര്മാന് ഉള്‍പ്പടെയുള്ളവര്‍ ശ്രമിച്ചതായും പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിയതായും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയം നടത്തുകയും പുതുക്കിയ റാങ്ക് ലിസ്റ്റ് പുറത്തുവിടുകയും ചെയ്തിരുന്നു.