നമ്മൾ സെപ്റ്റംബർ അഞ്ച് ദേശീയ അധ്യാപകദിനമായി ആഘോഷിക്കുക മാത്രല്ല, ത്യാഗപൂർണമായ ജീവിതയാത്രയിലൂടെ നാടിനു വഴികാട്ടിയായ ഡോ. എസ്. രാധാകൃഷ്ണൻ എന്ന മഹാനായ അധ്യാപകന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ പാത പിൻതുടരുകയുമാണ്. അതോടൊപ്പം, നമ്മുടെ നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നിസ്വാർഥ സേവനം അനുഷ്ഠിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകരെ ഗുരുസ്ഥാനീയരായി കണ്ടുകൊണ്ട് ഹൃദയത്തോട് ചേർക്കുകയും ചെയ്യുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവമായ വളർച്ചയും നേട്ടങ്ങളും കൈവരിക്കാൻ നമ്മുടെ നാടിന് കഴിഞ്ഞിരിക്കുന്നു എന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സമ്പൂർണ സാക്ഷരതയിൽനിന്ന് ഹൈടെക് ക്ലാസ് മുറികളിലേക്കുള്ള നമ്മുടെ പ്രയാണം മികവേറിയ നേട്ടമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് കൊച്ചുകേരളത്തിലെ പൊതുവിദ്യാലയങ്ങളും വിദ്യാഭ്യാസ രീതികളും മാതൃകയായി മാറുന്നു എന്നതും ചരിത്രപരമായ അടയാളപ്പെടുത്തൽ തന്നെയാണ്. ഈ മികവുകൾ യാദൃച്ഛികമായി വന്നു ഭവിച്ചതല്ല.
കൊളോണിയൽ പൂർവ കാലഘട്ടത്തിലെ ഗുരുകുല - പള്ളിക്കൂട സംസ്കൃതിയും പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുകളും മിഷനറി വിദ്യാഭ്യാസവും തുടർന്നു നടപ്പിലായ ഔപചാരിക വിദ്യാഭ്യാസവുമാണ് സ്വാതന്ത്ര്യാനന്തരം നമ്മൾ കൈവരിച്ച നേട്ടങ്ങൾക്ക് അടിത്തറയൊരുക്കിയത്. ഈ നേട്ടങ്ങളുടെ വെളിച്ചം കെടാതെ കാത്തു സംരക്ഷിക്കുന്നതിൽ അധ്യാപകർ ഓരോരുത്തരും നടത്തുന്ന ആത്മസമർപ്പണവും അധ്യാപകദിനത്തിൽ സ്മരിക്കപ്പെടേണ്ടതുതന്നെയാണ്.
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന ഗൗരവമായ വെല്ലുവിളികളെ വിജയകരമായി തരണംചെയ്ത് പൊതുവിദ്യാഭ്യാസ മേഖലയെ നാടിന്റെ വഴികാട്ടിയായി നിലനിർത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.
പരിഹരിക്കപ്പെടേണ്ടുന്ന സാമൂഹിക അന്തരം
ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായി അടയാളപ്പെടുത്തപ്പെടുമ്പോഴും സാമൂഹികവും സാമ്പത്തികവുമായ നിരവധി അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നത് യാഥാർഥ്യമാണ്. എഐ കാലഘട്ടത്തിൽ ഡിജിറ്റൽ ഡിവൈസ് പോലുള്ള അസമത്വങ്ങൾ പൂർണമായും പരിഹരിക്കപ്പെടണം. ഒരു വശത്ത് എല്ലാ സൗകര്യവുമുള്ള കുട്ടികൾ, മറുവശത്ത് ഒരു സ്മാർട്ട് ഫോൺ പോലും സ്വപ്നം കാണാൻ കഴിയാത്ത കുട്ടികൾ. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ തുടങ്ങിയ യാഥാർഥ്യങ്ങൾ ഒരു കുട്ടിയുടെയും പരിമിതിയായി മാറാതെ പരിഹാരം കാണാനുള്ള പരിശ്രമം എന്നതാണ് നമ്മുടെ നയം. ഇത് ഒരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ പ്രതിജ്ഞയാണ്.
കാലത്തിനൊപ്പം സഞ്ചരിക്കുക എന്ന ദൗത്യം
മിഴി ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കാലാവസ്ഥാ വ്യതിയാനം, തൊഴിൽ മേഖലയിലെ വൻ മാറ്റങ്ങൾ തുടങ്ങി ഇന്നത്തെ കുട്ടികള് നേരിടുന്ന ജീവിതയാഥാർഥ്യങ്ങൾ ഇന്നലകളിൽ നേരിടേണ്ടിവന്നിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നമ്മുടെ പഠനരീതികളും പരീക്ഷാ സമ്പ്രദായങ്ങളും കാലാനുസൃതമായി നിരന്തര പരിഷ്കരണത്തിനു വിധേയമാകണം. പഠനത്തോടൊപ്പം സ്വയം ചിന്തിക്കാൻ കഴിയുന്നതിലേക്കും ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിൽനിന്നു ജീവിത യാഥാർഥ്യങ്ങളോട് ചോദ്യം ചോദിക്കാൻ കഴിയുന്നതിലേക്കും മാർക്ക് വാങ്ങാൻ പഠിക്കുന്നതിൽനിന്ന് ജീവിക്കാൻ പഠിക്കുന്നതിലേക്കും ഓരോ വിദ്യാർഥിയെയും പ്രാപ്തരാക്കുക എന്നതാണ് അധ്യാപകരോട് പുതിയ കാലം ആവശ്യപ്പെടുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതികമായി പ്രാപ്യതയും തുല്യതയും ഉറപ്പുവരുത്തുന്നതിൽ നമ്മൾ വിജയം കൈവരിച്ചിട്ടുണ്ടെങ്കിലും വിദ്യാർഥികളെ പഠന പ്രവർത്തനങ്ങളിലും കലാ-കായിക മേഖലകളിലും സജീവമായി പങ്കെടുപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. നവമാധ്യമങ്ങളുടെ അതിപ്രസരവും അപകടകരമായ ലഹരിയുടെ വ്യാപനവും വിദ്യാർഥികളുടെ നിസംഗതയും പൂർണമായും ഇല്ലാതാക്കി സ്വയം നിർണയവും പഠന നേട്ടങ്ങളും തിരിച്ചറിവും നേടാൻ നമ്മുടെ മക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്.