അഫൂല: ഇസ്രയേലിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുന്നു. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാർട്ടിയും വലതുപക്ഷ സഖ്യവും അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷവും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
സുരക്ഷ, ഗാസ യുദ്ധം, നിർബന്ധിത സൈനിക സേവനം, ജീവിതച്ചെലവ്, നീതിന്യായ പരിഷ്കാരം തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകുന്നു.
നെതന്യാഹുവിന്റെ പാർട്ടിക്ക് കഴിഞ്ഞ തവണ 23.41 ശതമാനം വോട്ട്
ഇസ്രായേലിന്റെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്കുഡ് പാർട്ടിക്ക് 2022 നവംബർ ഒന്നിന് നടന്ന കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 23.41 ശതമാനം വോട്ടും 32 സീറ്റുകളുമാണ് ലഭിച്ചത്. ലിക്കുഡും സഖ്യകക്ഷികളും ചേർന്ന് 64 സീറ്റുകൾ നേടിയതോടെയാണ് നെതന്യാഹുവിനു സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത്.
എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പുള്ള ഭരണസഖ്യത്തിന്റെ അംഗബലം 60 സീറ്റുകളായി കുറഞ്ഞിരുന്നു. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിനു 61 സീറ്റുകളാണ് വേണ്ടത്. അതിനാൽ നെതന്യാഹുവിന് അധികാരം നിലനിർത്താൻ സഖ്യകക്ഷികളുടെ പിന്തുണ നിർണായകമാണ്.
പ്രധാന മത്സരക്കാർ
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കു പുറമേ ഇറ്റമാർ ബെൻ-ഗ്വിറിന്റെ ഒറ്റ്സ്മ യെഹൂദിത്, ബെസലേൽ സ്മോട്രിച്ചിന്റെ റിലീജിയസ് സയണിസം, ഷാസ്, യുണൈറ്റഡ് തോറ ജൂഡായിസം തുടങ്ങിയ പാർട്ടികളും വലതുപക്ഷ സഖ്യത്തിലെ പ്രധാന ശക്തികളാണ്.
പ്രതിപക്ഷത്തു ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി, നഫ്താലി ബെന്നറ്റിന്റെയും യായർ ലാപിഡിന്റെയും നേതൃത്വത്തിലുള്ള ബിയാഖാദ് സഖ്യം, അവിഗ്ദോർ ലിബർമാന്റെ യിസ്രായേൽ ബെയ്തേനു, യായർ ഗോലാന്റെ ഡെമോക്രാറ്റ്സ് എന്നിവ പ്രധാനമാണ്. അറബ് പൗരന്മാരെ പ്രതിനിധീകരിക്കുന്ന റാം, ജോയിന്റ് ലിസ്റ്റ് തുടങ്ങിയ പാർട്ടികൾക്കും പാർലമെന്റിലെ സീറ്റുനിലയെ സ്വാധീനിക്കാൻ കഴിയും.
തെരഞ്ഞെടുപ്പ് രീതി വ്യത്യസ്തം
ഇസ്രയേലിൽ ജനങ്ങൾ പ്രധാനമന്ത്രിയെ നേരിട്ടു തെഞ്ഞെടുക്കുന്നില്ല. 120 അംഗ പാർലമെന്റായ നെസെറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പാർട്ടികൾക്ക് ലഭിക്കുന്ന വോട്ടിന്റെ അനുപാതമനുസരിച്ചാണ് സീറ്റുകൾ അനുവദിക്കുന്നത്. പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കാൻ ഒരു പാർട്ടിക്ക് സാധുവായ വോട്ടിന്റെ കുറഞ്ഞത് 3.25 ശതമാനം നേടണം.
ഒരു പാർട്ടിക്കും ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ വിവിധ പാർട്ടികൾ ചേർന്നു സഖ്യസർക്കാർ രൂപീകരിക്കുകയാണ് പതിവ്. അതിനാൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടിക്കു മാത്രമല്ല, മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയുന്ന നേതാവിനും പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ട്.
നിലവിലെ പ്രസിഡന്റ് ഐസക് ഹെർസോഗ്
ഇസ്രായേലിന്റെ നിലവിലെ പ്രസിഡന്റ് ഐസക് ഹെർസോഗാണ്. തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവന്നശേഷം വിവിധ പാർട്ടികളുമായി കൂടിയാലോചിച്ച് സർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പാർലമെന്റ് അംഗത്തെ പ്രസിഡന്റ് ചുമതലപ്പെടുത്തും. തുടർന്ന് ആ വ്യക്തി ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി സർക്കാർ രൂപീകരിക്കണം.
അധികാരമാറ്റം ഉണ്ടായാൽ എന്തു മാറും?
നെതന്യാഹുവിന്റെ സഖ്യം അധികാരം നിലനിർത്തിയാൽ നിലവിലെ വലതുപക്ഷ-മതാധിഷ്ഠിത നയങ്ങൾക്ക് തുടർച്ചയുണ്ടാകാം. സുരക്ഷ, സൈനിക സേവനം, മതസമൂഹങ്ങളുടെ ആവശ്യങ്ങൾ, നീതിന്യായ പരിഷ്കാരം തുടങ്ങിയ വിഷയങ്ങളിൽ സഖ്യകക്ഷികളുടെ നിലപാടുകൾ സർക്കാരിന്റെ തീരുമാനങ്ങളെ സ്വാധീനിക്കും.
പ്രതിപക്ഷം അധികാരത്തിലെത്തിയാൽ ഭരണത്തിന്റെ ഉത്തരവാദിത്വം, സുരക്ഷാ നയം, നിർബന്ധിത സൈനിക സേവനം, നീതിന്യായ സംവിധാനം തുടങ്ങിയ വിഷയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമമുണ്ടാകാം. എന്നാൽ, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പുതിയ സർക്കാരിന്റെ നയങ്ങളെ ബാധിച്ചേക്കാം.
ഗാസ, ലെബനൻ, ഇറാൻ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികളും അമേരിക്കയുമായുള്ള ബന്ധവും അടുത്ത സർക്കാരിന്റെ പ്രധാന പരിഗണനകളായിരിക്കും. എന്നിരുന്നാലും പാലസ്തീൻ, ഇറാൻ തുടങ്ങിയ വിഷയങ്ങളിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ വലിയ ആശയ വ്യത്യാസമില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇസ്രായേലിനെതിരെ ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളെ ചെറുക്കുന്നതിനു വേണ്ടിയുള്ള നയങ്ങളിലും ഇരു വിഭാഗത്തിനും ഒരേ ചിന്താഗതി തന്നെയാണ്.
സർക്കാർ രൂപീകരണം നിർണായകം
തെരഞ്ഞെടുപ്പിൽ ഒരു പക്ഷത്തിനും 61 സീറ്റുകളുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കിൽ സഖ്യചർച്ചകൾ നീളാം. ചെറുപാർട്ടികളുടെ പിന്തുണയും അവയുടെ ആവശ്യങ്ങളും സർക്കാർ രൂപീകരണത്തിൽ നിർണായകമാകും. ചർച്ചകൾ പരാജയപ്പെട്ടാൽ മറ്റൊരു നേതാവിന് അവസരം നൽകുകയോ വീണ്ടും തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയോ ചെയ്യേണ്ടിവരാം.
ഇസ്രയേൽ തിരഞ്ഞെടുപ്പ് മൂലം ഭരണ മറ്റം ഉണ്ടായാൽ ഇസ്രയേലിലെ വിദേശ തൊഴിലാളികൾക്കു കൂടുതലും നിയന്ത്രണങ്ങൾ ഉണ്ടാകും എന്നും ആശങ്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് പെൻഷൻ പോലെയുള്ള സ്കീമുകൾ നിർത്താനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേലിലെ തെരഞ്ഞെടുപ്പ് വിദേശ തൊഴിലാളികൾ പ്രത്യേകിച്ച് മലയാളികൾക്ക് ആശങ്ക ഉളവാക്കുന്നതാണ്.
കഴിഞ്ഞ മാസമാണ്. ഇസ്രായേലിൽ തൊഴിലുടമയ്ക്ക് തൊഴിലാളികളുടെ യൂട്ടിലിറ്റി ചാർജ് ശമ്പളത്തിൽനിന്നു കുറയ്ക്കാമെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പ്രകാരം വിവിധ ഏരിയയിൽ ആയിരം മുതൽ 1250 സെക്കന്റ് വരെ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവുണ്ടായിട്ടുണ്ട്.