തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി റിക്കാർഡ് മദ്യവിൽപന. ഉത്രാടം വരെയുള്ള ആദ്യ എട്ട് ദിവസങ്ങൾക്കിടെ 771.29 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടിയുടെ മദ്യവിൽപന നടന്നിടത്താണ് ഇത്തവണ 76.33 കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തിയത്.
എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് ഉത്രാടദിനത്തിലെ മദ്യവിൽപനയിൽ നേരിയ കുറവുണ്ടായി. ഉത്രാടദിനത്തിൽ 126.31 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 137.64 കോടി രൂപയായിരുന്നു. കൺസ്യൂമർഫെഡിന്റെ 49 ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യവിൽപന നടന്നു. ഓണക്കാലത്തെ ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ 279.12 കോടി രൂപയുടെ മദ്യം വിറ്റുപോയിരുന്നു.
അതേസമയം, ഏറ്റവും കൂടുതൽ മദ്യവിൽപന നടന്ന ഔട്ട്ലെറ്റ് ഏതാണെന്ന വിവരങ്ങൾ എക്സൈസ് വകുപ്പ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിൽപന നടക്കുന്ന കേന്ദ്രങ്ങളെ പരസ്യപ്പെടുത്തി മത്സരബുദ്ധി ഉണ്ടാക്കുന്ന രീതിയോട് യോജിപ്പില്ലെന്ന എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിലപാടിനെ തുടർന്നാണിത്.