കോഴിക്കോട്: ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 12വരെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം കടുത്ത വഞ്ചനയാണെന്നു കേരള മദ്യനിരോധന സമിതി.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ പിന്നെ ബാറുകളുടെ കാര്യത്തില്‍ മാത്രമാണു വികസനമുണ്ടായതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ലിക്കര്‍ ഡിസ്ട്രിബ്യൂട്ടറി ഫ്രണ്ടായി മാറിയെന്നും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
അബ്കാരികളെ പ്രീണിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ മദ്യാനുകൂല നടപടിയാണ് ബാറുകളുടെ സമയം ദീര്‍ഘിപ്പിച്ചതിലൂടെ വ്യക്തമായത്. മന്ത്രിസഭ പോലും അറിയാതെ ബാര്‍ സമയം വര്‍ധിപ്പിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ സാമ്പത്തിക താത്പര്യം മാത്രമാണുള്ളത്.
സംസ്ഥാനത്തെ ബാറുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നത് കണക്കില്‍പ്പെടാത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. ടൂറിസ്റ്റുകളുടെ താത്പര്യമാണ് സമയവര്ധനവിന് പിന്നിലെന്ന് പറയുന്നതു സര്‍ക്കാരിന്റെ സാമ്പത്തിക താത്പര്യം മറിച്ചുപിടിക്കാനുള്ള കപടതന്ത്രമാണ്. പാര്‍ട്ടി ഫണ്ടിലേക്ക് പണം ശേഖരിക്കാനുള്ള പ്രധാന സ്രോതസായി എക്സൈസ് വകുപ്പ് മാറി. തുടര്‍ഭരണ സാധ്യതയില്ലെന്ന് ബോധ്യമായതോടെ കടുംവെട്ട് നടത്തുകയാണ് സര്‍ക്കാരെന്നും ജനവഞ്ചന നടപടികള്‍ക്ക് കടുത്ത തിരിച്ചടി ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. വിന്‍സെന്റ് മാളിയേക്കല്‍, പ്രഫ. ഒ.ജെ. ചിന്നമ്മ, പ്രഫ. ടി.എം. രവീന്ദ്രന്, ഇയ്യച്ചേരി പത്മിനി എന്നിവര്‍ പങ്കെടുത്തു.