മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്തെ മദ്യവില്പന ശാലകള്‍ അടച്ചു പൂട്ടണമെന്ന് ജനതാദള്‍ (എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് 400 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്നാണ് നിയമം. സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും നിയമത്തില്‍ മാറ്റം വരുത്താനോ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനോ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മഞ്ചേരി ജില്ലാ മെഡിക്കല്‍ കോളജില്‍ 1000-ല്‍പരം മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ പരിസരത്ത് തന്നെ നിരവധി വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുമുണ്ട്.
ഇതു കണക്കിലെടുക്കാതെയാണ് സര്‍ക്കാറുകള്‍ മദ്യശാലകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത്. ആരാധനാലയങ്ങളില്‍നിന്ന് 200 മീറ്റര്‍ കഴിഞ്ഞു മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂ. എന്നാല്‍ നിയമം തെറ്റിച്ചും സര്‍ക്കാറുകളെ തെറ്റിദ്ധരിപ്പിച്ചുമാണ് മദ്യശാലകള്‍ പലതും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.ടി. രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജി, സി. മുഹമ്മദ്, കെ. പ്രഭാകരന്, പി. ദേവന്, ജിഷ, കെ. സുബൈദ, ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.