രാജപുരം: ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം തവണയും ഇടം നേടി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മൈക്രോബയോളജി വിഭാഗം അസി. പ്രഫസർ ഡോ. സിനോഷ് സ്കറിയാച്ചൻ.
അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയും എൽസിവിയർ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വർഷത്തെ പട്ടികയിലാണ് ബയോമെഡിക്കൽ റിസർച്ച് വിഭാഗത്തിലെ മൈക്രോബയോളജി ഉപമേഖലയിൽ ഡോ. സിനോഷ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ രണ്ടു വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റാങ്കിംഗിൽ 1,186 സ്ഥാനങ്ങളുടെ പുരോഗതി കൈവരിച്ചാണ് അദ്ദേഹം ഇത്തവണ പട്ടികയിൽ മുന്നിലെത്തിയത്. തുടർച്ചയായി മൂന്നു തവണ ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ശ്രദ്ധേയരായ യുവ ഗവേഷകരിൽ ഒരാളാണ് ഡോ. സിനോഷ്.
150ലേറെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 3,000 ത്തിലധികം സൈറ്റേഷനുകളും ലഭിച്ചിട്ടുണ്ട്.