വിൽനിയൂസ്: ലിത്വാനിയയുടെ വ്യോമാതിർത്തി അതിക്രമിച്ചുകടന്ന ഡ്രോണുകൾ നാറ്റോ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. നാറ്റോയുടെ ബൾട്ടിക് എയർ പൊലിസിംഗ് മിഷന്റെ ഭാഗമായി വിന്യസിച്ചിരുന്ന ഇറ്റാലിയൻ യുദ്ധവിമാനമാണു ഡ്രോൺ വെടിവച്ചിട്ടത്.
15ന് ലിത്വാനിയൻ സമയം രാത്രിയോടെയായിരുന്നു സംഭവം. അയൽരാജ്യമായ ബെലാറൂസിൽനിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ വെടിവച്ചിടുന്നതിനു മുന്പ് ഏകദേശം 30 മിനിറ്റോളം ജനവാസ മേഖലകളുടെ അതിരിലൂടെ സഞ്ചിരിച്ചു.
നാറ്റോ വിമാനങ്ങളുടെ പ്രഹരമേറ്റ ഡ്രോൺ രാജ്യതലസ്ഥാനമായ വിൽനിയൂസിന് 100 കിലോമീറ്റർ പടിഞ്ഞാറുള്ള കൈസിയഡോറിയിലെ പ്രാറ്റ്കുനായ് ഗ്രാമത്തിലാണു തകർന്നുവീണതെന്ന് ലിത്വാനിയ നാഷണൽ ക്രൈസിസ് മാനേജ്മെന്റ് സെന്റർ അറിയിച്ചു.
തങ്ങളുടെ വ്യാമോതിർത്തിയിൽവച്ച് ഒരു ഡ്രോൺ വെടിവച്ചിടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണെന്നു ലിത്വാനിയൻ സേന അറിയിച്ചു.
എന്നാൽ, ഡ്രോണിന്റെ ഉറവിടത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നതാണ് നിലപാട്. നാറ്റോ നടപടിയെ ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനാസ് നോസേദ അഭിനന്ദിച്ചു.