കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവർ സ്വദേശിനിയായ രണ്ടര വയസുകാരി സ്വരശ്രീ ഹെഗ്ഡെ തബലയിൽ 12 വ്യത്യസ്ത താളങ്ങൾ കൃത്യമായി അവതരിപ്പിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടംനേടിയത് സംഗീത ലോകത്ത് വലിയ കൗതുകമായിരിക്കുകയാണ്.
രണ്ടുവയസും പത്തുമാസവും മാത്രം പ്രായമുള്ള ഈ കൊച്ചുമിടുക്കിയുടെ താളബോധവും ഏകാഗ്രതയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ ഏറെ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമുള്ള താളബോധവും കൃത്യതയുമാണ് ഈ കുട്ടി അവിശ്വസനീയമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്.
ഉത്തര കന്നഡയ്ക്ക് തന്നെ അഭിമാനമായ ഈ നേട്ടത്തെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തുണ്ടെങ്കിലും, ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളെ ഇത്തരം കഠിനമായ പരിശീലനങ്ങൾക്ക് വിധേയമാക്കുന്നത് ശരിയാണോ എന്ന ചർച്ചകളും ഇതിനോടൊപ്പം സജീവമായി നടക്കുന്നുണ്ട്.