ഭർത്താവുമായി വേർപിരിഞ്ഞിട്ടില്ലെന്നും സന്തോഷത്തോടെ രണ്ടു നഗരങ്ങളിലാണ് താമസിക്കുന്നതെന്നും വ്യക്തമാക്കി നടി രമ്യ കൃഷ്ണൻ. വേർപിരിഞ്ഞെന്ന വാർത്തകളിൽ കഴമ്പില്ലെന്ന് താരം വ്യക്തമാക്കി.
‘റോ ടോക്സ് വിത്ത് വി.കെ’ എന്ന പോഡ്കാസ്റ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
രമ്യയുടെ വാക്കുകൾ
“ഞങ്ങൾ ഇപ്പോഴും വിവാഹബന്ധത്തിലാണ്. സൗകര്യപ്രദമായി, സന്തോഷത്തോടെ രണ്ടു വ്യത്യസ്ത നഗരങ്ങളിൽ കഴിയുന്നു. നൂറു ശതമാനവും ഞങ്ങളുടെ തൊഴിൽമേഖല തന്നെയാണ് ഇതിനു കാരണം.
കുടുംബം ഹൈദരാബാദിലായിരുന്ന സമയത്ത് ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണത്തിനായി എനിക്ക് ഇടയ്ക്കിടെ ചെന്നൈയിലേക്ക് പോകേണ്ടിവന്നിരുന്നു. ഓരോ 15 ദിവസം കൂടുമ്പോഴും ചെന്നൈയിലെത്തി ജോലി പൂർത്തിയാക്കി ഹൈദരാബാദിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്.
എന്നാൽ ഞാൻ ഷൂട്ടിന് പോരുമ്പോഴെല്ലാം മകന് എന്തെങ്കിലും അസുഖം വരും. ഒടുവിൽ ഞാൻ ഒരു നിർദേശം വച്ചു. മകനെ ചെന്നൈയിലെ സ്കൂളിൽ ചേർക്കാം. അതു പിന്നീട് ഞങ്ങൾക്കും സഹായകരമായി. എപ്പോഴും വഴക്കിടുന്നതിനുപകരം ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ്.’
രണ്ടു നഗരങ്ങളിലായി കഴിയുന്നത് പരസ്പരം കൂടുതൽ വ്യക്തിസ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും അതുവഴി ബന്ധം കൂടുതൽ മെച്ചപ്പെട്ടെന്നും രമ്യ പറഞ്ഞു.
വിവാഹത്തിന് മുൻപ് കൃഷ്ണ വംശി മുന്നോട്ടുവച്ച ഒരു നിർദേശത്തെക്കുറിച്ചും അഭിമുഖത്തിൽ രമ്യ വെളിപ്പെടുത്തി. വിവാഹിതരാകാതെ ‘ലിവ് ഇൻ’ ആയിക്കൂടെ എന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചത്. ആ നിർദേശം അന്ന് അംഗീകരിക്കണമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്ന് പൊട്ടിച്ചിരിയോടെ രമ്യ പറഞ്ഞു.
2003ലാണ് രമ്യ കൃഷ്ണനും തെലുങ്ക് സംവിധായകൻ കൃഷ്ണ വംശിയും വിവാഹിതരായത്. ഇവർക്ക് ഹൃത്വിക് വംശി എന്ന മകനുണ്ട്. 1998ൽ പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന തെലുങ്ക് ചിത്രത്തിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. കൃഷ്ണ വംശി സംവിധാനം ചെയ്ത ചിത്രത്തിൽ രമ്യയായിരുന്നു നായിക.