ജപ്പാനിൽ ടിക് ടോക്ക് ലൈവ് സ്ട്രീമിംഗിനിടെ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് താഴെ വീണ് പതിനാലുകാരിക്ക് ദാരുണാന്ത്യം. മിഡിൽ സ്കൂൾ വിദ്യാർഥിനിയായ റൂക്കയാണ് മരിച്ചത്. താമസസ്ഥലത്തെ ബാൽക്കണിയുടെ കൈവരിയിൽ ഇരുന്ന് ലൈവ് വീഡിയോ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട പെൺകുട്ടി പിന്നിലേക്ക് മറിയുകയായിരുന്നു.
താഴേക്ക് പതിക്കാതിരിക്കാൻ ഏതാനും നിമിഷങ്ങൾ കൈവരിയിൽ മുറുകെ പിടിക്കാൻ ശ്രമിച്ചെങ്കിലും പിടിവിട്ട് നിലത്തേക്ക് വീഴുന്ന ദൃശ്യങ്ങൾ ലൈവ് സംപ്രേഷണത്തിലൂടെ പുറത്തുവന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റൂക്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ തനിക്ക് വിശക്കുന്നുണ്ടെന്നും ഭയമാകുന്നുണ്ടെന്നും ഇത് ഏറെ അപകടകരമാണെന്നും കുട്ടി ആവർത്തിച്ച് പറഞ്ഞിരുന്നതായി ലൈവ് വീക്ഷിച്ചിരുന്നവർ വ്യക്തമാക്കുന്നു.
കുട്ടി താഴേക്ക് വീണതിന് പിന്നാലെ ലൈവ് സ്ട്രീമിംഗ് നിലയ്ക്കുകയും ചെയ്തു. സമീപകാലത്തായി കുട്ടി ചില വ്യക്തിപരമായ പ്രയാസങ്ങളും കടുത്ത മാനസിക സമ്മർദ്ദങ്ങളും നേരിട്ടിരുന്നതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. കൺമുന്നിൽ നടന്ന ഈ അപ്രതീക്ഷിത ദുരന്തം പെൺകുട്ടിയുടെ സുഹൃത്തുക്കളെയും സോഷ്യൽ മീഡിയ ഫോളോവേഴ്സിനെയും കടുത്ത ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.