കേണിച്ചിറ: പട്ടികവർഗ കുടുംബങ്ങളുടെ സാന്പത്തിക സ്വയംപര്യാപ്തതയും സുസ്ഥിര ഉപജീവനവും ലക്ഷ്യമിട്ട് പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ച "ഊരുകൾക്ക് ഉപജീവനം’ പദ്ധതിയുടെ ഭാഗമായി അലങ്കാര മത്സ്യകൃഷി യൂണിറ്റുകൾക്ക് തുടക്കമായി.
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ആരംഭിക്കുന്നത്. പൂതാടി പഞ്ചായത്തിലെ ആലുംമൂല ഉന്നതിയിൽ നടന്ന ചടങ്ങ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.അലങ്കാര മത്സ്യകൃഷി മേഖലയിലെ തൊഴിൽസംരംഭക സാധ്യതകൾ പട്ടികവർഗ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുത്തി സ്വയംതൊഴിലും സ്ഥിരവരുമാനവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മത്സ്യങ്ങളുടെ ഉത്പാദനം, പരിപാലനം, വിപണനം തുടങ്ങിയ മേഖലകളിൽ ഗുണഭോക്താക്കൾക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സാങ്കേതിക പരിശീലനവും ആവശ്യമായ മാർഗനിർദേശങ്ങളും നൽകും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. സുനീർ, ജില്ലാ പഞ്ചായത്ത് അംഗം ഗിരിജ കൃഷ്ണൻ, പഞ്ചായത്ത് അംഗം വിൻസന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അതുൽ, ഗുണഭോക്താവ് സത്യ എന്നിവർ പ്രസംഗിച്ചു.