കൊച്ചി: ഇടുക്കിയിലെ ജനങ്ങളുടെ ജീവനെയും ജീവനോപാധികളെയും വെല്ലുവിളിക്കുന്ന നടപടികളുമായി കടന്നുവന്നിരിക്കുന്ന ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള ഭരണാധികാരികളുടെ ഗൂഢശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇത്തരം ആളുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് എന്നനിലയ്ക്കു ജനങ്ങള്‍ക്ക് വന്യജീവികളില്‍നിന്നു സംരക്ഷണം നല്‍കേണ്ട ജില്ലാ കളക്ടര്‍ അതിനു തയാറാകാതെ, ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും തടയുന്ന വിധത്തില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ആറുവരെ വനമേഖലയോടുചേര്‍ന്ന് താമസിക്കുന്ന ആളുകള്‍ പുറത്തിറങ്ങരുതെന്നും വന്യജീവികളുടെ സഞ്ചാരപാതയില്‍ ആണെന്നു കണ്ടാല്‍ ഏതൊരു നിര്‍മിതിയും പൊളിച്ചുനീക്കുമെന്ന ഉത്തരവും ജനദ്രോഹമാണ്.
ഇത് വന്യജീവികളെ ഉപയോഗിച്ചു ജനങ്ങളെ കുടിയിറക്കുന്നതിനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കാണാന്‍ കഴിയുകയുള്ളൂ. അതിനാല്‍ ഈ രണ്ടു ഉത്തരവുകളും പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ജോര്‍ജ് കോയിക്കല്‍, സിജോ ഇലന്തൂര്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, തോമസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.