ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിക്കു സന്താപകാലം. തോല്‍വികളില്‍നിന്നു തോല്വികളിലേക്കുള്ള നാണക്കേടിലാണ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാര്. യുവേഫ ചാമ്പ്യന്‍സ് ലീഗ് അഞ്ചാം റൗണ്ടില്‍ സ്വന്തം തട്ടകമായ ആന്ഫീല്ഡില്വച്ചാണ് ഏറ്റവും ഒടുവില്‍ ലിവര്‍പൂള്‍ പരാജയപ്പെട്ടത്.അതും ഡച്ച് ക്ലബ്ബായ പിഎസ് വി ഐന്തോവനോട് 4-1ന്.
2025-26 സീസണിന്റെ തുടക്കത്തില്‍ വിവിധ പോരാട്ടങ്ങളിലായി തുടര്‍ച്ചയായി ഏഴ് ജയം നേടിയശേഷമാണ് അര്‍നെ സ്ലോട്ട് പരിശീലിപ്പിക്കുന്ന ലിവര്‍പൂള്‍ തലകുത്തി വീണത്. ഇതോടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് സ്ലോട്ടിനെ നീക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ (1-0) കീഴടക്കിയവരാണ് ലിവര്‍പൂള്‍ എന്നതും ശ്രദ്ധേയം.
12 മത്സരം, 9 തോല്‍വി
ഐന്തോവനോടും പരാജയപ്പെട്ടതോടെ, വിവിധ പോരാട്ടങ്ങളിലായി അവസാനം കളിച്ച 12 മത്സരങ്ങളില്‍ ഒമ്പതിലും ലിവര്‍പൂളിനു തോല്‍വി പിണഞ്ഞു. കഴിഞ്ഞ 71 വര്‍ഷത്തിനിടയിലെ ഏറ്റവും ദയനീയമായ അവസ്ഥ.
1953-54നുശേഷം ആദ്യമായാണ് 12 മത്സരത്തിനിടെ ഒമ്പത് എണ്ണത്തില്‍ ചെമ്പട പരാജയപ്പെടുന്നതെന്നതാണ് ചരിത്രം. 1953നുശേഷം ആദ്യമായി തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിന്റെ നാണക്കേടും ലിവര്‍പൂളിനു വന്നുചേര്‍ന്നു. 1992നുശേഷം ആദ്യമായാണ് തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ 3+ ഗോള്‍ വഴങ്ങുന്നത്.
ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്നു ജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റോടെ 13-ാം സ്ഥാനത്താണ് ലിവര്‍പൂള്‍. ചാമ്പ്യന്‍സ് ലീഗിലെ രണ്ട് തോല്‍വിയും സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡിലാണ്.