പത്തനംതിട്ട: ഞായറാഴ്ച സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 23000ത്തില്പരം അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുക. പഞ്ചായത്തി രാജ്, നഗരപാലിക ഭരണസംവിധാനം നിലവില്‍ വന്നശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന ഏഴാമത്തെ ഭരണസമിതികളാണ് അന്നേദിവസം അധികാരമേല്‍ക്കുന്നത്.
1995ലെ ഗാന്ധിജയന്തി ദിനത്തിലാണ് ‘അധികാരം താഴേത്തട്ടിലേക്ക്’ എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി പഞ്ചായത്തി രാജ്, നഗരപാലിക നിയമപ്രകാരം അധികാര കൈമാറ്റം നടത്തിയത്. പൊതുവേദികളിലായിരുന്നു അന്ന് അധികാര കൈമാറ്റവും സത്യപ്രതിജ്ഞാ ചടങ്ങുകളും നടന്നത്.
മട്ടന്നൂര്‍ ഒഴികെയുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തീകരിച്ച് പുതിയ ജനപ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ മരണം മൂലം മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതൊഴിച്ചാല്‍ ബാക്കി എല്ലായിടങ്ങളിലെയും മെംബര്‍മാര്‍ 21നു പ്രതിജ്ഞയെടുക്കാനുണ്ടാകും.
2020 ഡിസംബര്‍ 21നു ചുമതലയേറ്റ നിലവിലെ ഭരണസമിതികളുടെ കാലാവധി നാളെ അവസാനിക്കുകയാണ്. തൊട്ടടുത്ത ദിവസം പുതിയ ഭരണസമിതി ചുമതലയേല്‍ക്കണമെന്നതാണ് ചട്ടം. അതാത്, തദ്ദേശസ്ഥാപന ഭരണസമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം ചുമതലയേറ്റെടുക്കുന്നത്. വരണാധികാരി മുതിര്‍ന്ന അംഗത്തെ പ്രതിജ്ഞയെടുപ്പിക്കും. പിന്നീട് മുതിര്‍ന്ന അംഗം വാര്‍ഡ് ക്രമത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 1995ലെ ആദ്യ ഭരണസമിതി അധികാരത്തിലെത്തുമ്പോള്‍ ഒന്നാം വാര്‍ഡ് അംഗം ആദ്യ സത്യപ്രതിജ്ഞ ചെയ്യണമെന്നതായിരുന്നു ചട്ടം. ഇതിന്റെ പേരില്‍ ചില തര്‍ക്കങ്ങളും രാഷ്ട്രീയ പിടിവാശികളുമുണ്ടായപ്പോഴാണ് മുതിര്‍ന്ന അംഗമെന്ന തീരുമാനവുമായി ചട്ടം ഭേദഗതി ചെയ്തത്.
സത്യപ്രതിജ്ഞ ചെയ്യുന്ന ഓരോ അംഗവും തങ്ങളുടെ രാഷ്ട്രീയ ബന്ധം വ്യക്തമാക്കി രജിസ്റ്ററില്‍ ഒപ്പിട്ടു നല്‍കണം. മത്സരസമയത്ത് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം നല്കിയവരും സത്യപ്രതിജ്ഞ ചെയ്തശേഷം രാഷ്ട്രീയ കക്ഷി, മുന്നണി ബന്ധം വ്യക്തമാക്കി ഒപ്പിടണം. സ്വതന്ത്രരായി ജയിച്ചവര്‍ക്കും തങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെയോ മുന്നണിയുടെയോ ഭാഗമാണോയെന്നതു വ്യക്തമാക്കി സത്യവാങ്മൂലം ഒപ്പിടണം. ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന സത്യവാങ്മൂലമാണ് തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നത്.
സ്വതന്ത്രര്‍ അടക്കം രാഷ്ട്രീയബന്ധം വ്യക്തമാക്കിക്കഴിഞ്ഞാല്‍ അതാത് രാഷ്ട്രീയകക്ഷിയോ മുന്നണിയോ നല്കുന്ന വിപ്പ് പാലിക്കാന്‍ ബന്ധപ്പെട്ട മെംബര്‍ ബാധ്യസ്ഥമായിരിക്കും. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുകയോ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താല്‍ മെംബര്‍ അയോഗ്യതാ നടപടികള്‍ നേരിടേണ്ടിവരും. 2020 - 25 കാലയളവില്‍ 63 മെംബര്‍മാരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ അയോഗ്യരാക്കിയിട്ടുണ്ട്.
മെംബര്‍മാരുടെ കൂറുമാറ്റം സംബന്ധിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുഖവിലയ്ക്കെടുക്കുന്നതും കക്ഷിബന്ധ രജിസ്റ്ററായിരിക്കും. അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പു സമയത്തും രാഷ്ട്രീയകക്ഷികള്‍ തങ്ങള്‍ക്കൊപ്പമുള്ള എല്ലാ മെംബര്‍മാര്‍ക്കും രേഖാമൂലം വിപ്പ് നല്‍കും. പ്രതിജ്ഞയെടുത്ത് ഒപ്പുവച്ചശേഷമേ ഒരാള്‍ക്ക് മെംബറായിരിക്കാന് യോഗ്യത ലഭിക്കുകയുള്ളൂ. 26, 27 തീയതികളില്‍ നടക്കുന്ന അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം ലഭിക്കുന്നതും മെംബറായി സത്യപ്രതിജ്ഞ ചെയ്തശേഷമാകും.
21നു സത്യപ്രതിജ്ഞ ചെയ്യാനാകാത്തവര്‍ക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിനു മുമ്പായി പ്രതിജ്ഞയെടുക്കാനുള്ള അവസരം ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവര്‍ 30 ദിവസത്തിനകം അധ്യക്ഷന്‍ മുമ്പാകെ പ്രതിജ്ഞയെടുത്ത് അധികാരമേറ്റെടുത്തില്ലെങ്കില് അവരുടെ അംഗത്വം നഷ്ടപ്പെടും. കാരണമില്ലാതെ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാത്തവരുടെ സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷന് പ്രഖ്യാപിക്കും.