തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയക്കെതിരായ ഓപറേഷൻ തൂഫാൻ രണ്ടാംഘട്ട നടപടികൾ താഴേത്തട്ടിലേക്കു വ്യാപിപ്പിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ലഹരിവിരുദ്ധ പ്രവർത്തനം വാർഡ് തലത്തിലേക്കു വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ സേന, യുവജനസംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവർ നേതൃത്വം നൽകുന്നതാണ് തൂഫാൻ ജനജാഗ്രതാ സമിതി. പുനരധിവാസ പ്രവർത്തനങ്ങൾക്കു മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളാകും രണ്ടാംഘട്ടം നടപ്പാക്കുക.
ലഹരിവിതരണത്തിന്റെ തോത് കുറച്ചതിനൊപ്പം ഡിമാൻഡ് കുറയ്ക്കുകയാണ് അടുത്ത ലക്ഷ്യം. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരിവിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുവന്നു. ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന തൂഫാൻ കെയറിൽ സംസ്ഥാനത്തെ 35ഓളം പ്രധാനപ്പെട്ട ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധരായി മുന്നോട്ടുവന്നു.
ഐഎംഎയുമായി ചേർന്ന് തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോകോൾ നടപ്പാക്കും. ലഹരിയുടെ കെണിയിൽ പെട്ടുപോയവർക്ക് തുറന്നുപറയാൻ തൂഫാൻ ആപ്പ് നിലവിൽ വരും. അമൃത യൂണിവേഴ്സിറ്റി ഐടി വിഭാഗമാണ് സാങ്കേതിക സഹായം നൽകുക. തൂഫാൻ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും.
മലപ്പുറത്തെ എംഡിഎംഎ കേസിൽ പ്രധാനപ്പെട്ട നാലു കണ്ണികളെ അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി വാങ്ങുന്നതിനായി പ്രതികൾക്ക് സാന്പത്തിക സഹായം നൽകുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.