ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിൽ വൻ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വിഭാഗങ്ങളുടെയും ചുമതലകളിലേക്ക് 81 പുതിയ ദേശീയ സെക്രട്ടറിമാരെ നിയമിച്ചു. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. പുതുതായി നിയമിതരായ ദേശീയ സെക്രട്ടറിമാരിൽ പകുതിയോളം പേർ മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്സി), പട്ടികവർഗം (എസ്ടി) വിഭാഗങ്ങളിൽനിന്നുള്ളവരാണ്.
81 ഭാരവാഹികളിൽ 29 പേർ പൊതുവിഭാഗത്തിൽനിന്നുള്ളവരാണ്. 20 പേർ ഒബിസി വിഭാഗത്തിൽനിന്നും അഞ്ചുപേർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽനിന്നും (ഇബിസി), 11 പേർ പട്ടികജാതി വിഭാഗത്തിൽനിന്നും അഞ്ചുപേർ പട്ടികവർഗ വിഭാഗത്തിൽനിന്നുമാണ്. 11 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരുമാണ്. ഇതോടെ പട്ടികജാതി, പട്ടികവർഗ, ഒബിസി, ഇബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരുടെ ആകെ പ്രാതിനിധ്യം പുതിയ ഭാരവാഹികളിൽ മൂന്നിൽ രണ്ടിനടുത്തായി.
രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച സാമൂഹിക നീതി എന്ന ആശയത്തിന് സംഘടനാ പുനഃസംഘടനയിൽ പ്രാധാന്യം നൽകിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പുതിയ ഭാരവാഹികളിൽ 12 പേർ വനിതകളാണ്. ആകെ നിയമനങ്ങളുടെ 15 ശതമാനത്തോളം വരുമിത്. ദേശീയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 വയസാണ്. പുതിയ ഭാരവാഹികളിൽ മൂന്നിൽ രണ്ടുപേരും 50 വയസിൽ താഴെയുള്ളവരാണെന്നതും ശ്രദ്ധേയമാണ്. യുവാക്കൾക്കും വിവിധ സാമൂഹിക വിഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുകയെന്ന ലക്ഷ്യവും പുനഃസംഘടനയിലുണ്ടെന്നാണ് വിലയിരുത്തൽ.
സംഘടനാ പുനഃസംഘടനയുടെ ഭാഗമായി 43 പുതിയ മുഖങ്ങളെ ദേശീയ സെക്രട്ടറിമാരായി ഉൾപ്പെടുത്തിയപ്പോൾ നേരത്തെയുണ്ടായിരുന്ന 25 പേരെ ചുമതലകളിൽനിന്ന് ഒഴിവാക്കി. ചുമതല നഷ്ടമായവരിൽ മലയാളികളായ ടി.എൻ. പ്രതാപനും റോജി എം. ജോണും ഉൾപ്പെടുന്നു. അതേസമയം ചില പ്രമുഖ ദേശീയ ഭാരവാഹികളുടെ ചുമതലകളിൽ മാറ്റം വരുത്തിയിട്ടില്ല. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ അഴിച്ചുപണി വിലയിരുത്തപ്പെടുന്നത്.