തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് ഉണ്ടായ അതിദാരുണമായ റോഡ് അപകടവും എട്ടുപേരുടെ മരണവും നിസാരമായി കണ്ടുകൂട. വാഹനങ്ങളുടെ വർധനവിന് അനുസരിച്ചുള്ള ശാസ്ത്രീയമായ റോഡ് വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രൂപപ്പെട്ടുവരുന്ന ദേശീയപാതകൾ പ്രതീക്ഷക്ക് വക നൽകിയിരുന്നു.
എന്നാൽ ബന്ധപ്പെട്ടവരുടെ ദീർഘവീക്ഷണക്കുറവും റോഡിന്റെ രൂപകൽപനയിൽ വരുത്തുന്ന ഇളവുകളും വാഹനാപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഏകോപനങ്ങളില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ, ലാൻഡ് സ്കേപ്പുകൾ, പാരിസ്ഥിതിക സ്ഥിതിഗതികൾ പരിഗണിക്കാതെയുള്ള എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റുകളുടെ കാര്യക്ഷമതക്കുറവ്, പാർക്കിംഗ് സംവിധാനക്കുറവ് എന്നിവ മൂലം റോഡപകടങ്ങളും അപകടമരണങ്ങളും വർധിച്ചു വരുന്നു.
സംസ്ഥാനത്തെ ദേശീയപാതകളിൽ 254 പേരാണ് ഇതുവരെ മരിച്ചത്. എൻഎച്ച് 66ൽ 166 പേരുടെ ജീവൻ പൊലിഞ്ഞു. കൊല്ലം ജില്ലയിൽ മാത്രം 104 പേർ കൊല്ലപ്പെട്ടു. വേഗ നിയന്ത്രണത്തിന് കാര്യമായ സംവിധാനം ഇല്ലെന്നുതന്നെ പറയാം. എൻഎച്ച് റോഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ അനുമതി നൽകുന്നതിന് മുന്പായി ഈ റോഡുകളുടെ പണി പൂർത്തിയായിട്ടുണ്ടോയെന്നും യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാനായിട്ടുണ്ടോയെന്നും വിദഗ്ധ പരിശോധന നടത്തി വിലയിരുത്തണം.
ആവശ്യ ഇടങ്ങളിൽ പോലും ദിശാ ബോർഡുകളും സ്ഥാപിച്ചുകാണുന്നില്ല. അടുത്ത നാളുകളിലായി ഉണ്ടായ റോഡ് അപകടങ്ങളിൽ അധികവും സംഭവിച്ചത് വാഹനങ്ങളുടെ പാർക്കിംഗ് സംവിധാനത്തിന്റെ പോരായ്മകൾ കൊണ്ടാണന്ന കാര്യത്തിൽ തർക്കമില്ല.
അസ്ഥാനത്ത് നിർത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ദേശീയപാതകളിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പധികൃതർ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നധ സംഘടനാപ്രവർത്തകർ മോണിറ്ററിംഗ് നടത്തി എവിടെയൊക്കെ അപകടങ്ങൾ പതിയിരിക്കുന്നുവെന്ന് കണ്ടെത്തി അത് പരിഹരിക്കാൻ അനുയോജ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കണം. റോഡ് നിർമാതാക്കളും റോഡ് ഉപയോഗിക്കുന്നവരും ജാഗ്രത പാലിച്ചില്ലെങ്കിൽ വരുംകാലങ്ങളിൽ റോഡപകട നിരക്ക് വർധിക്കാൻ കാരണമാകും. ‘ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ് ’എന്ന ആപ്തവാക്യം മനസിൽ എപ്പോഴും ഓർക്കണം.