ന്യൂഡൽഹി: മധുരൈ തിരുപ്പറങ്കുൻട്രത്തെ തർക്കഭൂമിയിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ മുരുക സ്തുതികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച എക്സിൽ പങ്കുവച്ച കുറിപ്പിൽ ‘വെട്രിവേൽ മുരുകനുക്ക് ഹരോഹരാ’ എന്ന തമിഴ് ഭക്തിമന്ത്രം മൂന്ന് തവണ ആവർത്തിച്ചാണ് പ്രധാനമന്ത്രി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
തമിഴ് വരികൾക്കൊപ്പം ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും മോദി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി വിധിയെക്കുറിച്ചോ ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളെക്കുറിച്ചോ കുറിപ്പിൽ നേരിട്ടുള്ള പരാമർശങ്ങളൊന്നുമില്ല.
അതിനിടെ, ദീപം തെളിക്കാനുള്ള മുൻ ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെതിരെ സുപ്രീംകോടതി കടുത്ത നടപടിയെടുത്തു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടക്കം 13 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചു. നവംബർ 20ലെ ഉത്തരവ് ഉദ്യോഗസ്ഥർ മനഃപൂർവം അവഗണിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടോയെന്ന് അറിയാൻ ഉദ്യോഗസ്ഥരുടെ ഫോൺ രേഖകളും ഔദ്യോഗിക സന്ദേശങ്ങളും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡിനെ സസ്പെൻഡ് ചെയ്ത കോടതി ക്ഷേത്ര ഭരണച്ചുമതല രണ്ട് ഹൈക്കോടതി ജഡ്ജിമാരെ ഏൽപ്പിക്കുകയും ചെയ്തു.