എടച്ചേരി: നരിക്കുന്ന് യുപി സ്കൂളിന് സമീപം വെങ്കല്ലൂരിൽ ചെങ്കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് വീണു. തലകീഴായ് മറിഞ്ഞ ലോറിക്കുള്ളില്പെട്ട ഡ്രൈവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ കൊട്ടിയൂർ കേളകം അടക്കതോട് കുറ്റിയിൽ ബിജു (43)വാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. എടച്ചേരി വെങ്കല്ലൂർ പുതിയെടുത്ത് അനീസിന്റെ വീടിന്റെ മതിലും തകർത്താണ് ലോറി വീട്ടുമുറ്റത്തേക്ക് പതിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. ഇടുങ്ങിയ റോഡുവഴി സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ലോറി ഭാരം താങ്ങാൻ കഴിയാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ ഒരു ഭാഗത്തെ ലിവിംഗ് ഹാളിലെ ചുമരും ജനലും മുൻഭാഗത്തെ ചുമരും പാടെ തകർന്ന നിലയിലാണ്. ഡ്രൈവറെ കൂടാതെ കല്ലിറക്കാൻ വന്ന ഒരു സഹായിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇരുവരേയും പരിസരവാസികളെത്തി വാഹനത്തിന്റെ എതിർ ഭാഗത്തെ വാതിൽ വഴി പുറത്തെത്തിക്കുകയായിരുന്നു.