ആളൂര്‍: ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിത്തകര്‍ത്ത കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കിയില്ലെന്ന പേരില്‍ സപ്ലൈകോയിലേക്ക് റേഷന്‍ അരിയുമായി വന്ന ലോറിയാണ് തടഞ്ഞുനിര്‍ത്തി തല്ലിത്തകര്‍ക്കുകയും ഡ്രൈവറെ ആക്രമിക്കുകയും ചെയ്തത്.
സംഭവത്തില്‍ അഞ്ചുപേരെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വേളൂക്കര നടവരമ്പ് സ്വദേശി എലൂപറമ്പില്വീട്ടില് സനല്‍(30), തെക്കുംകര കോണത്തുകുന്ന് സ്വദേശി പുതിയകാവില്വീട്ടില് കണ്ണന്(38), എടക്കുളം സ്വദേശി ചക്കാലക്കല്വീട്ടില് മനീഷ്(33), എടതിരിഞ്ഞി സ്വദേശി മഠത്തിങ്കല്വീട്ടില് ഹരികുമാര്‍(26), അമ്മാടം വെങ്ങിണിശേരി സ്വദേശി പുത്തുവീട്ടില്‍ ബാബു(41) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ ആളൂര - മാള വഴിയിലുള്ള ജംഗ്ഷനില്‍വച്ചാണ് സംഭവം. താഴെക്കാട് കൊമ്പൊടിഞ്ഞാമാക്കല്‍ സപ്ലൈകോ റേഷന്‍ അരി ഗോഡൗണിലേക്ക് അരിയുമായി പോകുകയായിരുന്ന ലോറി, ഓട്ടോറിക്ഷ ഉപയോഗിച്ച് പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ലോറി ഡ്രൈവറായ കുറ്റിച്ചിറ പുളിങ്കര സ്വദേശി പുത്തന്വേലിവീട്ടില് രഘുദാസ് (46)നെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുംചെയ്തു. സനല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിൽ ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. മനീഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ആറ് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഹരികുമാര്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്ന് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ബാബു ചേര്‍പ്പ്, അന്തിക്കാട് പോലീസ് സ്റ്റേഷന് പരിധികളിലായി രണ്ടു കേസുകളിലും പ്രതിയാണ്.
ആളൂര്‍ സിഐ കെ.വി. ഹരിക്കുട്ടന്, എസ്ഐ അമല്‍ജോയ്, ജിഎസ്ഐ കെ.പി. പ്രസന്നകുമാര്‍, എഎസ്ഐ കെ.ജി. ബൈജു, ജിഎസ്സിപിഒ എ.എസ്. സമീഷ്, സിപിഒമാരായ കെ.എസ്. സനിസ, എന്‍.ബി. ഹരികൃഷ്ണന്, ആകാശ്, ആദര്‍ശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.