കോട്ടയം: ആനവണ്ടിയെ ജനങ്ങൾ സ്നേഹിക്കാൻ തുടങ്ങിയെന്ന് ഗതാഗതമന്ത്രി സിപി. ജോൺ. ഓണത്തിനു ലഭിച്ച 10.8 കോടി രൂപയുടെ കളക്ഷൻ സർവകാല റിക്കാർഡാണ്. പ്രിയദർശിനി പദ്ധതിയുള്ളപ്പോഴാണ് ഇതെന്നോർക്കണം. കെഎസ്ആർടിസിയെ ജനകീയവത്കരിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം ദീപിക കേന്ദ്ര ഓഫീസ് സന്ദർശനത്തിനിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജനകീയ പങ്കാളിത്തം ഊർജിതമാക്കാൻ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി എന്ന പുതിയൊരു സംവിധാനം കൊണ്ടുവരുകയാണ്. ഭരണപക്ഷ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അംഗത്വമുണ്ടാകും. ഓരോ സ്ഥലത്തെയും പ്രശ്നങ്ങൾ ഈ കമ്മിറ്റിക്കു ചൂണ്ടിക്കാട്ടാനാകും.
കെഎസ്ആർടിസിയിലും സർക്കാരിലും ജനങ്ങൾക്കുള്ള വിശ്വാസം കൂടിയതിന്റെ ഫലമാണോ ബസുകൾ വാങ്ങാൻ സംഭാവന ലഭിക്കുന്നതിന്റെ കാരണം?
പ്രിയദർശിനി പദ്ധതികൂടി വന്നതോടെ നല്ല ഗുഡ് വില്ലാണ്. നശിക്കാൻ പോകുന്ന ഒരു സൺസെറ്റ് ഇൻഡസ്ട്രീസ് എന്നുള്ള ധാരണയിപ്പോൾ സൺറൈസ് ആയി. ബസ് വാങ്ങി നൽകാൻ ആളുകൾ സന്നദ്ധമാകുന്നു. ആദ്യസംഭാവന തന്നത് കോഴിക്കോട്ടെ ഒരു കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. സിഎംപി നടത്തുന്ന സൊസൈറ്റി. കാസർഗോട്ടുനിന്ന് കോഴിക്കോട്ടെ എംവിആർ കാൻസർ സെന്ററിലേക്കു സർവീസ് നടത്തണമെന്നതാണ് അവരുടെ ആവശ്യം. എംഎൽഎമാരുടെ ആസ്തി വികസനഫണ്ടുകൂടി ബസ് വാങ്ങാൻ ഉപയോഗിക്കുന്നത് വലിയ മാറ്റമുണ്ടാക്കും. 200-250 എണ്ണം കിട്ടുമെന്നാണ് വിചാരിക്കുന്നത്.
പ്രിയദർശിനി പദ്ധതി യഥാർഥത്തിൽ സ്വകാര്യ ബസ് മേഖലയെ വല്ലാതെ ബാധിച്ചില്ലേ?
സ്വകാര്യ മേഖലയ്ക്ക് ഒരു പ്രശ്നവുമില്ല. സ്വകാര്യ മേഖലയുടെ ബസ് ഞങ്ങൾ എടുക്കാം. അവരത് വലിയൊരു വെല്ലുവിളിപോലെയാണ് പറഞ്ഞത്. അവരുടെ ഡിമാൻഡ് അംഗീകരിച്ചതോടെ സമരം തകർന്നു. അതാണ് അവർ സമരം ചെയ്യാത്തത്. അവർക്ക് കിലോമീറ്ററിനു പൈസ കൊടുക്കാം. അതേപോലെതന്നെ പ്രിയദർശിനി ഒന്ന് റീ-അറേഞ്ച് ചെയ്യാം.
പ്രിയദർശിനിയിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള ശ്രമം നടക്കുന്നുണ്ടോ?
ഓ യെസ്! പത്മകുമാർ കമ്മിറ്റി റിപ്പോർട്ട് വന്നല്ലോ. സ്വകാര്യബസ് മേഖല ഇൻഡസ്ട്രി ആക്കണമെന്നു പറയുന്നു. നമ്മൾ അംഗീകരിച്ചു. അവർ പറഞ്ഞ കാർഡിനൽ ഇഷ്യൂസ് എല്ലാം ഇൻ ചെയ്തു. ബസ് ചാർജ് കൂട്ടണമെന്നും വേണ്ടെന്നും അവർക്കിടയിൽതന്നെ ഭിന്നാഭിപ്രായമുണ്ട്.
പ്രിയദർശിനി പദ്ധതിയെ തകർക്കാൻ കെഎസ്ആർടിസിയുടെ ഉള്ളിൽനിന്നു നീക്കമുണ്ടോ? പറവൂരിലുണ്ടായ ഒരു സംഭവം അതിന്റെ ഭാഗമാണോ?
അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. യൂണിയനുകളെല്ലാം വളരെ പിന്തുണ നൽകുന്നുണ്ട്. തൊഴിലാളികൾക്കൊക്കെ വളരെ സന്തോഷമാണ്. ഒന്നാമത്, ശമ്പളം കൊടുക്കുന്നുണ്ട്. പെൻഷൻ കൊടുക്കാനുള്ള കൺസോർഷ്യമുണ്ട്. പ്രിയദർശിനിയുടെ പൈസയും കിട്ടുന്നുണ്ട്. പെൻഷന്റെ കൂടെ ഈ വർഷം ക്ഷാമാശ്വാസവും കൊടുത്തു. നമ്മൾ യൂണിയനുകളുമായി വളരെ ലോഹ്യത്തിലാണ്. പറവൂർ സംഭവത്തിൽ ഒരാളെ സസ്പെൻഡ് ചെയ്യേണ്ടിവന്നു. ഏതു യൂണിയനാണെന്ന് ഞാൻ അന്വേഷിച്ചിട്ടില്ല.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും തർക്കവും പ്രത്യേകിച്ച് കൊച്ചിയിൽ; ക്രമസമാധാനപ്രശ്നമായി മാറുകയാണല്ലോ...?
അതെ, അത് എളുപ്പത്തിൽ പരിഹരിക്കാം എന്ന് ഞാൻ പറയുന്നില്ലെങ്കിലും അവർ പറയുന്ന ഒരു കാര്യത്തിൽ കഴമ്പുണ്ട്. ട്രാഫിക് ജാം കാരണം സമയത്ത് ഓടിയെത്താനാകുന്നില്ല. അതുകൊണ്ട് അതൊന്ന് റീ-അറേഞ്ച് ചെയ്യണം.
ഭയാനകമായി വർധിച്ചുവരുന്ന വാഹനാപകടങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിരീക്ഷണവും ചില നിർദേശങ്ങളും ശ്രദ്ധയിൽ പെട്ടിരുന്നോ?
ഇപ്പോൾ നാലായിരത്തോളം പേരാണ് ഒരു വർഷം റോഡപകടങ്ങളിൽ മരിക്കുന്നത്. നമുക്കതു പകുതിയാക്കണം. പരിക്കേൽക്കുന്നവരും ഒരുപാടുണ്ട്. പരിക്കേറ്റവരുടെ കാര്യം മരിച്ചവരേക്കാളും കഷ്ടമാണ്. ഹൈക്കോടതി പറയുന്നതിനു മുമ്പുതന്നെ ഇക്കാര്യം സർക്കാരിന്റെ ചിന്തയിലുള്ളതാണ്. കഴിഞ്ഞ ക്യാബിനറ്റിൽ കേരള റോഡ് സേഫ്റ്റി മിഷൻ സംബന്ധിച്ച് തീരുമാനമെടുത്തു. സാക്ഷരതാ മിഷൻപോലെ മുഖ്യമന്ത്രി ചെയർമാനായിട്ടുള്ള സംവിധാനമാണ്. വലിയൊരു ബോധവത്കരണത്തിനാണ് പദ്ധതി. എല്ലാ മാധ്യമങ്ങളും സഹകരിക്കണം. കൂടാതെ, റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ പോകുകയാണ്. റോഡ് മുറിച്ചു കടക്കാൻപോലും അറിയാത്ത കുട്ടികളുണ്ട്.
സിപിഎമ്മിന്റെ തെറ്റു തിരുത്തൽ പ്രക്രിയയെ എങ്ങനെയാണു വിലയിരുത്തുന്നത്?
അവരുടെ തെറ്റ് പൊളിറ്റിക്കലാ. അതുതന്നെ ഓർഗനൈസേഷനിലും പേഴ്സണലുമായി ചുരുക്കുകയാണ്. എം.എ. ബേബിയോട് പറയാനുള്ളത് നിങ്ങളുടെ തെറ്റ് പൊളിറ്റിക്കലാ. ബാക്കിയുള്ളതൊക്കെ സെക്കൻഡറിയാ. ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആകെ ഒരു തിയററ്റിക്കൽ ക്രൈസിസിൽ വന്നിരിക്കുകയാണ്. പൊളിറ്റിക്കൽ ക്രൈസിസിൽ വന്നിരിക്കുകയാണ്. സ്റ്റാലിനിസം എന്നത് ഒരു സൊലൂഷൻ അല്ല. അതൊരു പ്രോബ്ലം ആണ്. അത് സിപിഎം അംഗീകരിക്കുന്നുണ്ടോ എന്നതാണ് വിഷയം. പിണറായി വിജയൻ ഏതോ പത്രക്കാരോട് കടക്കു പുറത്ത് എന്നു പറഞ്ഞു. അതാണോ തെറ്റ്? അതല്ല തെറ്റ്. പിണറായി വിജയൻ അത്ര വലിയ നേതാവൊന്നുമല്ല. പിണറായി വിജയൻ വിചാരിച്ചിട്ടാണോ തൃശൂരിൽ തോറ്റത്? അല്ല. ഒരു പ്രസ്ഥാനത്തെ ആകെ നശിപ്പിക്കണമെങ്കിൽ ഒരു ശക്തി വേണ്ടേ ? അതിനുള്ള ശക്തിയൊന്നും പിണറായി വിജയനില്ല. ലോകത്ത് ഒരു ലെഫ്റ്റ് ഡിക്ലൈൻ നടക്കുകയാണ്.
എന്നാൽ സിപിഎം പറയുന്നത് അങ്ങനെയല്ലല്ലോ? രാജസ്ഥാനിൽ
മുനിസിപ്പാലിറ്റി പിടിച്ചു; വലിയ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നല്ലേ?
അതാണു വിഷയം, നമുക്കൊരു അസുഖമുണ്ടെന്നു പറഞ്ഞാൽ, ഏയ് എനിക്കൊരു കുഴപ്പവുമില്ല എന്നു പറയുക. അതുതന്നെ ഒരു കുഴപ്പമാണ്. അതാണ്, കുഴപ്പം.
ദീപികയിലെത്തിയ മന്ത്രി സി.പി. ജോണിനെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ, ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ, സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജോർജ് മാന്തുരുത്തിൽ, അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ഫാ. രഞ്ജിത് ആലുങ്കൽ, കമ്പനി സെക്രട്ടറി സോഫിയ ജോസഫ്, മാർക്കറ്റിംഗ് ജനറൽ മാനേജർ മാത്യു കൊല്ലമലക്കരോട്ട് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.