മോസ്കോ: റഷ്യയിൽ മുതിർന്ന പട്ടാള ജനറലിനെ വെടിവച്ചു കൊല്ലാൻ ശ്രമം. മിലിട്ടറി ഇന്റലിജൻസ് യൂണിറ്റായ ജിആർയുവിന്റെ ഡെപ്യൂട്ടി തലവൻ ലഫ്. ജനറൽ വ്ലാഡിമിർ അലക്സിയേവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോസ്കോയുടെ വടക്കുപടിഞ്ഞാറ് പാർപ്പിട സമുച്ചയത്തിലായിരുന്നു സംഭവം.
അദ്ദേഹത്തിനു നിരവധി തവണ വെടിയേറ്റുവെന്നാണു റിപ്പോർട്ട്. അക്രമി രക്ഷപ്പെട്ട. യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ഒട്ടേറെ റഷ്യൻ പട്ടാള മേധാവിമാർ സമാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
2024 ഡിസംബറിനു ശേഷം അലക്സിയേവിന്റെ ലഫ്. ജനറൽ റാങ്കുള്ള മൂന്നു പേർ കൊല്ലപ്പെട്ടു. പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം യുക്രെയ്ൻ ഇന്റലിജൻസ് ഏറ്റെടുത്തിരുന്നു.
സോവ്യറ്റ് യുക്രെയ്നിലാണ് അലക്സിയേവ് ജനിച്ചത്. അദ്ദേഹത്തിന്റെ സീനിയറും ജിആർയു മേധാവിയുമായ കോസ്റ്റിയുക്കോവ് ആണ് അബുദാബിയിൽ അമേരിക്കയും യുക്രെയ്നും ഉൾപ്പെട്ട ത്രികക്ഷി സമാധാന ചർച്ചയിൽ റഷ്യയെ പ്രതിനിധീകരിക്കുന്നത്.
അലസ്കിയേവിനു നേർക്കുണ്ടായ വധശ്രമം പ്രസിഡന്റ് പുടിനെ അറിയിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. അക്രമിയെ പിടികൂടാൻ ഊർജിത ശ്രമം നടക്കുകയാണ്.