ന്യൂഡൽഹി: 1965ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ അസാമാന്യധീരതയോടെ പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചു രാജ്യത്തിന്റെ കാവലാളായ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് ടൈറോൺ കുക്ക് (87) അന്തരിച്ചു. വീർചക്ര മെഡൽ ജേതാവായ അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
യുപിയി ലെ ആഗ്രയിലുള്ള ആംഗ്ലോ ഇന്ത്യൻ കുടുംബാംഗമാണ് സൈ നിക വ്യോമയാന ചരിത്രത്തിൽ ആൽഫ്രഡ് കുക്കിന്റെ ധീരത എന്നെന്നും അടയാളപ്പെടുത്തപ്പെട്ട ഒന്നാണെന്ന് വ്യോമസേന അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.
പശ്ചിമബംഗാളിലെ കലൈകുണ്ഡ വ്യോമതാവളത്തിനു മുകളിൽ അദ്ദേഹം നടത്തിയ ഐതിഹാസിക വ്യോമപോരാട്ടം ആക്രമിച്ചു മുന്നേറാനുള്ള വ്യോമസേനയുടെ കരുത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യോമസേന അനുസ്മരിച്ചു.
കലൈകുണ്ഡയുടെ രക്ഷകൻ
1965 സെപ്റ്റംബർ ഏഴിനാണ് വ്യോമയാന ചരിത്രത്തിൽ ഇടംനേടിയ ആ പോരാട്ടം നടക്കുന്നത്. ഇന്ത്യ-പാക് യുദ്ധം ശക്തമായിരുന്ന ആ നാളുകളിൽ, പശ്ചിമബംഗാളിലെ ഖരഗ്പുരിനടുത്തുള്ള കലൈകുണ്ഡ വ്യോമത്താവളത്തിനു നേരേ പാക് വ്യോമസേന അപ്രതീക്ഷിത ആക്രമണം നടത്തി. ആദ്യ ആക്രമണത്തിൽ ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങൾ നഷ്ടമായിരുന്നു.
മണിക്കൂറുകൾക്കുശേഷം കൂടുതൽ വിമാനങ്ങളുമായി പാക്കിസ്ഥാൻ രണ്ടാം ആക്രമണത്തിന് മുതിർന്നു. എന്നാൽ റഡാർ ഓഫീസറുടെ മുന്നറിയിപ്പിനെത്തുടർന്ന് ഇന്ത്യ ഉടനടി പ്രതിരോധം തീർത്തു. സ്ക്വാഡ്രൺ 14ൽപ്പെട്ട ‘ബുൾസ്’രണ്ട് ഹോക്കർ ഹണ്ടർ വിമാനങ്ങളിലാണ് ഇന്ത്യ തിരിച്ചടിക്കാൻ കുതിച്ചുയർന്നത്. അതിലൊന്ന് ഫ്ലൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് കുക്കും മറ്റൊന്ന് ഫ്ലൈയിംഗ് ഓഫിസർ സുബോധ് ചന്ദ്ര മാംഗെയ്നും ആയിരുന്നു പറത്തിയത്.
ആകാശത്തുവച്ച് പാക്കിസ്ഥാന്റെ എഫ്-86 സേബർ യുദ്ധവിമാനങ്ങൾ വേർപിരിഞ്ഞ് ആക്രമിക്കാൻ പദ്ധതിയിട്ടു. അത്യന്തം അപകടകരമായ രീതിയിൽ താഴ്ന്ന ഉയരത്തിൽ നടന്ന പോരാട്ടത്തിൽ നാല് പാക് വിമാനങ്ങൾ കുക്കിന്റെ ഹണ്ടർ വിമാനത്തെ വളഞ്ഞു. എന്നാൽ അല്പം പോലും മനോവീര്യം ചോരാതെ പൊരുതിയ കുക്ക്, മൂന്ന് സേബർ വിമാനങ്ങളെ വെടിവച്ചിട്ടു.
നാലാമത്തെ വിമാനത്തെ ആക്രമിക്കുന്നതിനിടെ കുക്കിന്റെ വിമാനത്തിലെ വെടിയുണ്ടകൾ തീർന്നെങ്കിലും അദ്ദേഹം പിന്മാറാൻ തയാറായില്ല. ആ വിമാനത്തെ വിടാതെ പിന്തുടർന്ന് ആകാശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
ഒടുവിൽ ആക്രമണം ഉപേക്ഷിച്ച് കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) രക്ഷപ്പെടുകയല്ലാതെ പാക് പൈലറ്റിനു മുന്നിൽ മറ്റു വഴികളില്ലായിരുന്നു. ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥികൾ കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്ന് സാക്ഷ്യം വഹിച്ച ഈ വീരഗാഥ, കലൈകുണ്ഡ വ്യോമതാവളത്തെ വൻ ദുരന്തത്തിൽനിന്നാണു രക്ഷിച്ചത്.