മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എംഎൽഎ. മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് തങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചതെന്ന് വിജിൻ അവകാശപ്പെട്ടു.
വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നുവെന്നും വിജിൻ അഭിപ്രായപ്പെട്ടു.
'മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ ക്ഷണം സ്വീകരിച്ചാണ് സംസ്ഥാനത്തെ ഡിവൈഎഫ്ഐ- എസ്എഫ്ഐ നേതൃത്വം അദ്ദേഹത്തെ കാണാൻ ചെന്നത്.
സ്നേഹപൂർവ്വം സ്വീകരിച്ച് ദീർഘനേരം രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങളിൽ അഭിപ്രായം പറയുകയും അന്വേഷണങ്ങൾ നടത്തുകയുമുണ്ടായി.
അദ്ദേഹത്തിന്റെ അനുഭവങ്ങൾ മനുഷ്യത്വത്തിന്റെ മഹത്തരമായ നിരീക്ഷണങ്ങൾ, ജീവിത വീക്ഷണങ്ങൾ എല്ലാം പങ്കുവച്ചു കൊണ്ടായിരുന്നു മമ്മുക്കയുടെ സംസാരം.
എഴുപത്തഞ്ച് പിന്നിടുന്ന മലയാളത്തിന്റെ മഹാപ്രതിഭയോട് തികച്ചും ജനാധിപത്യ പരമായ സംവാദമാണ് ഞങ്ങൾ നടത്തിയത്. വയനാട് ടൗൺഷിപ്പിലെ സന്ദർശന സമയത്തുണ്ടായ വിവാദങ്ങളൊക്കെ അന്നേ അവസാനിക്കേണ്ടതായിരുന്നു.
സഖാവ് റഫീക്കും മമ്മൂട്ടിയും പരസ്പരം സംസാരിച്ചവസാനിപ്പിച്ച ഒരു കാര്യത്തിന്റെ പേരിൽ വീണ്ടുവിമർശനമുന്നയിക്കുന്നത് ശരിയല്ല.
സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള വ്യക്തികളോട് യോജിച്ചും വിയോജിച്ചും സംവദിച്ചും കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് മുന്നോട്ട് പോകാനാവില്ല.
വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾക്കൊപ്പം മാനുഷിക മൂല്യങ്ങളുമുയർത്തിപ്പിടിച്ചു വേണം നമുക്ക് മുന്നേറാൻ. വിജിൻ കുറിച്ചു.
കഴിഞ്ഞദിവസം എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. പിന്നാലെ നേതാക്കൾക്കും മമ്മൂട്ടിക്കുമെതിരെ കടുത്ത സൈബർ ആക്രമണമാണ് സിപിഎം അനുകൂല സൈബർ ഹാൻഡിലുകളിൽനിന്നുണ്ടായത്. ഇതിനെ അപലപിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ രംഗത്തെത്തിയിരുന്നു.