കൊച്ചി: കാഴ്ചപരിമിതി നേരിടുന്ന തൃശൂരിലെ വീട്ടമ്മയ്ക്കും മകള്‍ക്കും നല്കിയ വാക്കു പാലിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി.
25 ലക്ഷം രൂപ ചെലവില്‍ ജയ്സമ്മയ്ക്കായി യൂസഫലി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ലുലു ഇന്ത്യ സിഒഒ ആന്‍ഡ് ഡയറക്ടര്‍ ഫഹാസ് അഷ്റഫ് കൈമാറി. ലുലു ഗ്രൂപ്പ് പ്രതിനിധികളായ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, മാനേജര്‍ വി. പീതാംബരന്, പ്രോജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.
തൃശൂര്‍ വരടിയം സ്വദേശിനിയാണു ജെയ്സമ്മ മാത്യു. ഇവരുടെ ജീവിതദുരിതത്തിന്റെ വാര്‍ത്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണു കുടുംബത്തിനു സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയത്.
900 സ്ക്വയര്‍ ഫീറ്റില്‍ രണ്ടു കിടപ്പുമുറികളും ഡൈനിംഗ് ഹാളും അടുക്കളയും വര്‍ക്ക് ഏരിയയും ലിവിംഗ് റൂമും അടങ്ങുന്ന വീടാണ് ജയ്സമ്മയ്ക്കായി നിര്‍മിച്ചുനല്‍കിയിരിക്കുന്നത്. വീടുപണി പൂര്‍ത്തിയായപ്പോള്‍ വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും യൂസഫലിതന്നെ നൽകി.