അടൂർ: ഏഴംകുളം പഞ്ചായത്തിലെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ എംസിഎഫ് കേന്ദ്രത്തിനായി നെടുമൺ ഭാഗത്ത് സ്ഥലം കണ്ടെത്തി. സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകും.
പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കാൻ ആവശ്യമായ സൗകര്യമില്ലാത്തത് ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണുന്നതിനാണ് പുതിയ സ്ഥലം വാങ്ങാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഏറെക്കാലമായി അന്വേഷണം നടത്തിവരികയായിരുന്നു. നിലവിൽ കൈതപ്പറമ്പിലുള്ള എംസിഎഫ് കേന്ദ്രത്തിലും പ്രവർത്തനമില്ലാതെ കിടക്കുന്ന ഏനാത്ത് ചന്തയിലുമാണ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ്, സെക്രട്ടറി ബി.ആർ. ലക്ഷ്മി, പ്ലാൻ ക്ലർക്ക് സുനിൽ, റിട്ട. വില്ലേജ് ഓഫീസർ രാജേന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സിനിജ, ജീവനക്കാരായ സരിത, സൂരജ്, ബിജു, ഷൈജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.