ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയായി സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസിനും മുസ്ലിം ലീഗിനും പിന്നാലെ ഒമ്പതു വർഷത്തെ ഡിഎംകെ സഖ്യം അവസാനിപ്പിച്ച് എംഡിഎംകെയും മുന്നണി വിട്ടു.
ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സഖ്യം ഉപേക്ഷിക്കാനുള്ള നിർണായക തീരുമാനം എംഡിഎംകെ കൈക്കൊണ്ടത്. നിലവിലെ ഭരണകക്ഷിയായ ടിവികെയുമായി ചേർന്ന് പ്രവർത്തിക്കാനാണ് എംഡിഎംകെയുടെ നീക്കം. എംഡിഎംകെയെ ബോധപൂർവം ദുർബലപ്പെടുത്താൻ ശ്രമം നടത്തി.
സർക്കാർ രൂപീകരിക്കാനായി അണ്ണാ ഡിഎംകെയുമായി ഡിഎംകെ നേതൃത്വം രഹസ്യ നീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാനുള്ള തീരുമാനം പാർട്ടി പ്രഖ്യാപിച്ചത്. അതേസമയം എംഡിഎംകെയുടെ ആകെയുള്ള രണ്ട് എംഎൽഎമാരും ജനറൽ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഇരുവരും ഡിഎംകെയ്ക്കൊപ്പം തുടർന്നേക്കുമെന്നാണ് സൂചന.