ന്യൂഡൽഹി: രണ്ടായിരം രൂപയ്ക്കും അതിനു മുകളിലുമുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.
എംഡിആറിൽനിന്നു നിയമപരമായ സംരക്ഷണം ലഭിക്കുന്ന ഇലക്ട്രോണിക് പേയ്മെന്റ് രീതികളുടെ പട്ടിക ഉൾപ്പെടുത്തി ധനകാര്യ സേവന വകുപ്പ് ഉടൻതന്നെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന.
തുടർന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) നേതൃത്വത്തിലുള്ള സർവീസസ് സ്റ്റിയറിംഗ് കമ്മിറ്റി ഇതിന്റെ നിരക്കുകളും ഘടനയും നിശ്ചയിക്കും.
അതേസമയം ഈ ഫീസ് സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ലെന്നും അവർക്ക് ഇടപാടുകൾ തികച്ചും സൗജന്യമായി തുടരുമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
കാഷ് രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരിയിലാണ് സീറോ എംഡിആർ നടപ്പാക്കിയത്. അതിനുമുമ്പ് ഡിജിറ്റൽ ഇടപാടുകൾക്ക് 0.3 ശതമാനം വരെ ഫീസ് ഈടാക്കിയിരുന്നു.