കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാലാ യൂണിയന് സംഘടിപ്പിച്ച ദേശീയ സെമിനാറിന് അനുവദിച്ച തുക തിരിച്ചടയ്ക്കാനുള്ള വൈസ് ചാന്‍സലറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
മുന്‍കൂറായി നല്കിയ 2,81,250 രൂപ തിരികെ നല്‍കണമെന്ന ഓഗസ്റ്റ് ഒന്നിലെ ഉത്തരവ് ചോദ്യം ചെയ്തു സര്‍വകലാശാലാ യൂണിയനും ജനറല്‍ സെക്രട്ടറി പി.എസ്. അമലും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
സര്‍വകലാശാലയോടും വിസിയോടും രജിസ്ട്രാറോടും വിശദീകരണം തേടിയ കോടതി ഹര്‍ജി വീണ്ടും ഒക്ടോബർ ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.
സെമിനാറിന്റെ പോസ്റ്ററില്‍ പാറ്റയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനുള്ള പ്രതികാരമായാണു വിസിയുടെ നടപടിയെന്നാരോപിച്ചാണു ഹര്‍ജി നല്‍കിയത്.
ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പോസ്റ്ററുകളുടെ പേരില്‍ സര്‍വകലാശാല ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പരിപാടികളില്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
പോസ്റ്ററുകളില്‍ രാഷ്ട്രീയ ചിഹ്നങ്ങളോ മുദ്രാവാക്യങ്ങളോ ഇല്ലെന്ന് യൂണിയന് ഭാരവാഹികള്‍ വിശദീകരണം നല്‍കിയെങ്കിലും ഇതു തള്ളിയാണ് തുക തിരിച്ചടയ്ക്കാന്‍ വിസി ഉത്തരവിട്ടത്.