പെരിന്തൽമണ്ണ: കൊച്ചിൻ യണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(കുസാറ്റ്) സിൻഡിക്കറ്റ് അംഗമായി നജീബ് കാന്തപുരം എംഎൽഎയെ സർക്കാർ നോമിനേറ്റ് ചെയ്തു. എംഎൽഎമാരുടെ വിഭാഗത്തിൽ നിന്ന് നജീബ് കാന്തപുരത്തിന് പുറമെ കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസിനെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. എംഎൽഎമാർക്ക് പുറമെ മറ്റ് വിവിധ വിഭാഗങ്ങളിൽ നിന്നായി ഏഴു പേരെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നജീബ് കാന്തപുരം. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും മുൻനിർത്തിയാണ് പുതിയ പദവി നൽകിയത്. മണ്ഡലത്തിൽ "ക്രിയ’ എന്ന പേരിൽ പ്രത്യേക വിദ്യാഭ്യാസ പദ്ധതി എംഎൽഎ നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് അക്കാഡമി ആരംഭിച്ചിട്ടുണ്ട്. നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാനായി കഴിഞ്ഞ ദിവസമാണ് നജീബ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത്.