തൃശൂർ: കേരളത്തിന്റെ ശാസ്ത്ര-സൈദ്ധാന്തിക-വൈജ്ഞാനികസരണിയിൽ ഡോ. എം.പി. പരമേശ്വരനെന്ന പ്രതിഭയെ മാറ്റിനിർത്തി ഒരു ഏടുണ്ടാകില്ല. ‘എം.പി’യെന്ന രണ്ടുവാക്കിൽ അറിയപ്പെട്ട ഡോ. പരമേശ്വരനെ മാസ്റ്റർ ഓഫ് പ്രോജ്ക്ട്സ് എന്നു വിളിക്കാനായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും ഇഷ്ടപ്പെട്ടിരുന്നത്.
ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽനിന്ന് 34-ാം വയസിൽ രാജിവച്ച്, വൈജ്ഞാനിക സാഹിത്യരചനയിലേക്കും രാഷ്ട്രീയപ്രവർത്തനത്തിലേക്കും കടന്ന അദ്ദേഹം ജനജീവിതം സുഗമമാക്കാൻ നൂറുകണക്കിനു പ്രോജക്ടുകൾക്കാണു ചുക്കാൻപിടിച്ചത്. എത്ര പ്രോജക്ടുകൾ എന്നു ചോദിച്ചാൽ എംപിക്കുതന്നെ നിശ്ചയമുണ്ടാകില്ല!
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷരതാസമിതിയും മുതൽ നൂറുകണക്കിനു പ്രോജക്ടുകളുടെ കാര്യങ്ങൾ അദ്ദേഹത്തിന്റെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. വാർഡുമുതൽ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ചുവരെ സംസാരിച്ചുനോക്കൂ, അദ്ദേഹം പദ്ധതി നിർദേശിക്കും! വിദ്യാഭ്യാസം, ആരോഗ്യം, വികസനം, കൃഷി, പരിസ്ഥിതി, ഊർജം, ഗതാഗതം, അധികാരവികേന്ദ്രീകരണം, മാലിന്യസംസ്കരണം, ജെൻഡർ, സാക്ഷരത, ശാസ്ത്രഗവേഷണം എന്നിങ്ങനെ സർവമേഖലയിലേക്കും ഇതു നീളും.
ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദമെടുത്ത എംപി, ഗവേഷണം നടത്തിയത് ആണവശാസ്ത്രത്തിലാണ്. അവിടുന്ന് അദ്ദേഹം ഇറങ്ങിയത് സാമൂഹികശാസ്ത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും. മോസ്കോയിലെ ഗവേഷണകാലമാണു ശാസ്ത്രപ്രചാരണമെന്ന ആശയത്തിന് ആക്കംകൂട്ടിയത്. ഡെപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. തിരിച്ചു ജോലിയിൽ പ്രവേശിച്ചെങ്കിലും രാജിവച്ചു സിപിഎമ്മിന്റെ പൂർണസമയപ്രവർത്തകനായി.
ഭാര്യയോടുപോലും പറഞ്ഞില്ലെങ്കിലും ആലോചിച്ച് ഉറപ്പിച്ച തീരുമാനമായിരുന്നു അത്. പക്ഷേ, വേണ്ടിവന്നാൽ കറിവേപ്പില പോലെ പാർട്ടി നിങ്ങളെ പുറത്തുകളയുമെന്ന പ്രവർത്തകരുടെ മുന്നറിയിപ്പ് 30 വർഷത്തിനുശേഷം അച്ചട്ടായെന്നുമാത്രം. ദരിദ്രഭൂരിപക്ഷത്തിനുവേണ്ടി പ്രവർത്തിക്കാൻ തനിക്ക് ഔപചാരിക അംഗത്വം ആവശ്യമില്ലെന്നുപറഞ്ഞ് പാർട്ടി നടപടിയെ നിസാരമായി തള്ളാനും എം.പിക്കു കഴിഞ്ഞു.
രണ്ടുവട്ടം പദ്മശ്രീ നിഷേധിച്ചു
അധികാരങ്ങളോ സ്ഥാനമാനങ്ങളോ എം.പി. പരമേശ്വരനെ ഒരിക്കലും ഭ്രമിപ്പിച്ചില്ല. ഉടുപ്പിലും നടപ്പിലും എഴുത്തിലും ലാളിത്യം. വി. രാമചന്ദ്രൻ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് രണ്ടുവട്ടം പദ്മശ്രീ നിഷേധിച്ചു. പിന്നീടൊരിക്കൽ മാഗ്സസെ അവാർഡിനു ശിപാർശ ചെയ്യാനുള്ള നീക്കവും തള്ളിക്കളഞ്ഞു. ഇക്കോളജിക്കൽ മാക്സിസ്റ്റ് എന്നാണ് എംപി സ്വയം വിശേഷിപ്പിച്ചത്. ഗാന്ധിയുടെ സോഷ്യലിസ്റ്റ് ആശയവും മാർക്സിന്റെ പരിസ്ഥിതിചിന്തകളും സമന്വയിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
1966ലാണു ശാസ്ത്ര സാഹിത്യപരിഷത്തുമായി ബന്ധപ്പെടുന്നത്. പരിഷത്തിനെ ശാസ്ത്ര പ്രസ്ഥാനമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. സൈലന്റ് വാലി സംരക്ഷണസമരത്തിനായി ശാസ്ത്രീയവശങ്ങൾ ജനങ്ങൾക്കുമുന്പിൽ അവതരിപ്പിച്ചത് എം.പി. പരമേശ്വരനടക്കമുള്ളവരാണ്.മികച്ച വാഗ്മിയായിരുന്നെങ്കിലും വാചാലനായിരുന്നില്ല. എത്ര ഗഹനമായ വിഷയവും സങ്കീർണത ഏതുമില്ലാതെ സരളമായി അവതരിപ്പിച്ചു.
എഴുത്തിലും ഇതുതന്നെ രീതി. മാർക്സിസത്തെക്കുറിച്ച് എംപി എഴുതിയ ഗ്രന്ഥത്തിന് അടുത്തുനിൽക്കുന്ന മറ്റൊരു സൃഷ്ടിയില്ലെന്നുതന്നെ പറയാം. സന്പൂർണ സാക്ഷരതായജ്ഞം, പാഠ്യപദ്ധതിപരിഷ്കരണം, അധികാരവികേന്ദ്രീകരണം എന്നിവയിൽ എംപി വഹിച്ച പങ്കിനെ വിസ്മരിച്ച് ആർക്കും മുന്പോട്ടുപോകാനാകില്ല.