തിരുവനന്തപുരം: കേരള തീരത്ത് അടുത്തിടെയുണ്ടായ എംഎസ്സി എൽസ മൂന്ന് കപ്പൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുതിയ അന്വേഷണ റിപ്പോർട്ടുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ്.
കപ്പൽ കന്പനി നിയമ വ്യവസ്ഥയിലെ പഴുതുകളുടെ ദുരുപയോഗമാണ് നടത്തിയതെന്നു വ്യക്തമാകുന്നതായി ഗ്രീൻപീസ് ഇന്ത്യ ക്ലൈമറ്റ് കാന്പയ്നർ എസ്.എൻ. അമൃത പത്രസമ്മേളനത്തിൽ പറഞ്ഞു.
ദുരിതബാധിതർക്ക് നഷ്ടപരിഹാര തുകയായി 1,227 കോടി രൂപ നൽകാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുന്നതിൽ കപ്പൽ കന്പനി നടപടികൾ സ്വീകരിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കന്പനി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് 8000ലധികം പരാതികൾ കഴിഞ്ഞ ദിവസം ഗ്രീൻപീസിന്റെ നേതൃത്വത്തിൽ എംഎസ്സി ആസ്ഥാനത്ത് എത്തിച്ചുവെന്നും ഇവർ പറഞ്ഞു.
എംഎസ്സി എൽസ കപ്പൽ കേരള തീരത്ത് മുങ്ങിയതിനെത്തുടർന്ന് എണ്ണ, രാസവസ്തുക്കൾ, പ്ലാസ്റ്റിക് പെല്ലറ്റുകൾ എന്നിവ കടൽ മലിനമാക്കുകയും സമുദ്ര ആവാസവ്യവസ്ഥയെയും തീരദേശ ഉപജീവനമാർഗത്തെയും നശിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.