തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖകമ്പനിയുടെ 49% ഓഹരി എംഎസ്സി ഷിപ്പിംഗ് കമ്പനിക്ക് അദാനി പോർട്സ് കൈമാറിയാലും തുറമുഖത്തിൽ എംഎസ്സിക്ക് പ്രത്യേക പദവികളൊന്നുമുണ്ടാകില്ലെന്ന് അദാനി പോർട്സ് സ്പെഷൽ ഇക്കണോമിക് സോണ് സിഇഒ അശ്വനി ഗുപ്ത. എല്ലാ നടപടിക്രമങ്ങളും പാലിച്ച് അനുമതികൾ നേടിയ ശേഷമേ ഓഹരി ഇടപാടിന്റെ അന്തിമ കരാർ ഒപ്പിടുകയുള്ളൂ. അദാനി തുറമുഖ കമ്പനിക്കായിരിക്കും വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം.
ഓഹരി ഇടപാടിനു ശേഷവും ഭൂരിപക്ഷ ഓഹരി ഉടമയെന്ന നിലയിൽ അദാനി തന്നെയായിരിക്കും തുറമുഖത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും. എംഎസ്സിക്കോ അനുബന്ധ സ്ഥാപനങ്ങൾക്കോ മാത്രമായി പ്രത്യേക ബെർത്ത് അവകാശങ്ങൾ നൽകില്ല. മറ്റ് കപ്പൽ കമ്പനികളെ തടയുകയുമില്ല.
എംഎസ്സി കമ്പനിയുമായുള്ള ഓഹരി കൈമാറ്റം വഴി ക്രൂയിസ്, ബങ്കറിംഗ്, കയറ്റുമതി-ഇറക്കുമതി (എക്സിം) പോലുള്ള പുതിയ ബിസിനസുകൾ വികസിപ്പിക്കാനാകും. സർക്കാരുമായുള്ള കരാർ ലംഘിക്കാതെയാണ് ഓഹരി ഇടപാട്. എംഎസ്സിയുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഗേറ്റ്വേയായി വിഴിഞ്ഞം മാറും. ബംഗ്ലാദേശിൽ നിന്നുള്ള കാർഗോ ആകർഷിക്കാനാകും.
വിഴിഞ്ഞത്തിന്റെ വളർച്ചയ്ക്ക് വേഗം കൂടും. കാർഗോ കൂടുന്നതോടെ കൂടുതൽ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുമുണ്ടാകും. ആഗോള സമുദ്ര-ലോജിസ്റ്റിക്സ് ഹബ്ബായി കേരളം മാറും.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടതാണ് ഓഹരി ഇടപാട്. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിന് ശേഷം സംസ്ഥാന സർക്കാരിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. കണ്സഷൻ കരാർ അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ ഓഹരി കൈമാറ്റം നടക്കൂ. എംഎസ്സി ഏറെക്കാലമായി ഇന്ത്യയുടെ സമുദ്ര വ്യാപാര യാത്രയുടെ ഭാഗമാണ്. പ്രധാന തുറമുഖങ്ങളിൽ പ്രവർത്തിക്കുന്നതിനാൽ അവർക്ക് സുരക്ഷാ അനുമതിയുണ്ടെന്നും അശ്വനി ഗുപ്ത പറഞ്ഞു.
സെബിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ അദാനി പോർട്ടിന്റെ 49 ശതമാനം ഓഹരി ഷിപ്പിംഗ് കമ്പനിയായ എംഎസ്സിക്ക് കൈമാറിയ കരാർ സെബിയെ അറിയിച്ചിട്ടും സംസ്ഥാന സർക്കാരിനെ അറിയിക്കാതിരുന്നതു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സെബിക്ക് കത്തയച്ചു.
സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കാത്തതുകൊണ്ടും സെബി റെഗുലേഷൻസ് പാലിക്കാത്തതുകൊണ്ടും ഓഹരി കൈമാറ്റം സംബന്ധിച്ച അപേക്ഷയിൽ അദാനി ഗ്രൂപ്പിനോട് വിശദീകരണം തേടണമെന്നും മറ്റു നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി തേടുക എന്നത് കേവലമായ ഒരു സാങ്കേതികതയല്ല. ഇത്തരമൊരു കൈമാറ്റത്തിന്റെ ആവശ്യകത തന്നെ പരിശോധിക്കാൻ സർക്കാരിന് അവകാശമുണ്ട്. ഇതെല്ലാം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുപോകുന്നതെന്നും കത്തിൽ പറയുന്നു.